കൃഷിയില്‍ തനത് ഉത്പന്നങ്ങള്‍ കൊണ്ടുവരാന്‍ നടപടി ഊര്‍ജിതമാക്കി സര്‍ക്കാര്‍

Top News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും മുന്‍കൈയെടുത്ത് സംസ്ഥാനത്തെ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന കൃഷി ദര്‍ശന്‍ പരിപാടി തിരുവനന്തപുരം ജില്ലയില്‍ ഈ മാസം നടക്കും.നെടുമങ്ങാട് കാര്‍ഷിക ബ്ലോക്ക് കേന്ദ്രീകരിച്ച് വിവിധ കര്‍ഷകരെയും കര്‍ഷക പ്രസ്ഥാനങ്ങളെയും വിവിധ ജനവിഭാഗങ്ങളെയും കൂടിയോജിപ്പിച്ചുകൊണ്ട് ജനുവരി 24 മുതല്‍ 28 വരെയാണ് കൃഷിദര്‍ശന്‍ പരിപാടി .ത്രിതല ഗ്രാമപഞ്ചായത്ത്, സഹകരണ സംഘങ്ങള്‍ എന്നിവര്‍ ഈ പരിപാടിയില്‍ ഭാഗഭാക്കാവുന്നു. കേരള സര്‍ക്കാരിന്‍റെ ശ്രദ്ധേയമായ ഇടപെടല്‍ കാരണം കൃഷിദര്‍ശന്‍ എന്നത് കര്‍ഷകരുടെ പരിപാടിയാക്കി മാറ്റി. കര്‍ഷകരുടെ അടുക്കലേക്ക് സര്‍ക്കാര്‍ സംവിധാനം എത്തുന്നു എന്നതാണ് ഈ പരിപാടിയുടെ സന്ദേശമെന്ന് കൃഷിദര്‍ശന്‍ സ്വാഗതസംഘ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
കാര്‍ഷികവൃത്തിയില്‍ നിലവിലെ അവസ്ഥയ്ക്കു മാറ്റം വരുത്തണമെങ്കില്‍ ഉത്പന്നങ്ങളുടെ സംഭരണം, വിതരണം എന്നിവ കാര്യക്ഷമമാകണം. കൃഷിദര്‍ശന്‍ പരിപാടിയോടു കൂടി നെടുമങ്ങാടിന് തനതായ ഒരു ഉത്പന്നം വിപണിയില്‍ എത്തിക്കാന്‍ സാധിക്കും. മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ആവശ്യകത മനസ്സിലാക്കി ഉത്പന്ന വൈവിധ്യവല്‍ക്കരണം നടപ്പിലാക്കണം. സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും സാധ്യതകളും മനസ്സിലാക്കി അവരെയും ഈ പരിപാടിയിലേക്ക് കൊണ്ടുവരുന്നതിന് പ്രയത്നിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ചടങ്ങില്‍ ആര്‍ സുനില്‍കുമാര്‍ കൃഷി അഡീഷണല്‍ ഡയറക്ടര്‍, ബൈജു സൈമണ്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, എസ് ആര്‍ രവീന്ദ്രന്‍ നെടുമങ്ങാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍, ബി കെ അനില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സിന്ധു കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *