ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അസ്ഫാക്ക് ആലം എന്ന നരധാമന് വിധിച്ച വധശിക്ഷയെ സ്വാഗതം ചെയ്യുകയാണ് കേരള ജനത ഒന്നടങ്കം. എറണാകുളം പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമനാണ് ശിശുദിനത്തില്‍ ഈ കൊടുംക്രിമിനലിന് വധശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന ജഡ്ജിയുടെ വിധിന്യായത്തിലെ വാചകത്തില്‍ മനുഷ്യത്വമുള്ള ഏവരുടെയും ഹൃദയവികാരമാണ് പ്രതിഫലിച്ചത്. പിഞ്ചുകുഞ്ഞുങ്ങളുടെ നേരെ അതിക്രമം കാട്ടുന്നവര്‍ക്കെതിരെ ശക്തമായ താക്കീതാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമന്‍റെ ഈ വിധി. ആലുവയിലെ പിഞ്ചുകുഞ്ഞിനുണ്ടായ ദുരന്തം ഇനിയൊരു കുഞ്ഞിനും ഉണ്ടാകരുതെന്ന ദൃഢനിശ്ചയം കോടതി ഉത്തരവില്‍ പ്രകടമാകുന്നുണ്ട്. കോടതിക്കു നല്‍കാവുന്ന പരമാവധി വലിയ ശിക്ഷ തന്നെ കുറ്റവാളിക്ക് വിധിച്ച് ജഡ്ജി കെ.സോമന്‍ നീതി നടപ്പിലാക്കി.
കേരള ജനത മാത്രമല്ല രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മനസ്സിലെ തീരാവേദനയാണ് ആലുവയിലെ ആ പിഞ്ചുബാലിക. നിഷ്കളങ്കയായ ആ പിഞ്ചു കുഞ്ഞിനെ കൊലയാളി കൂട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം കണ്ടവര്‍ ഹൃദയം നുറുങ്ങുന്ന വേദനയാണ് അനുഭവിച്ചത്. അതിക്രൂരമായി പീഡിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തെ മാലിന്യ കൂമ്പാരത്തില്‍ വച്ച് ആ കുഞ്ഞിനെ കൊലപ്പെടുത്തി കടന്നുകളഞ്ഞ മനുഷ്യത്വം മരവിച്ച പ്രതിയെ ഉടന്‍ തന്നെ പിടികൂടുവാന്‍ പൊലീസിനു കഴിഞ്ഞു. പിന്നീട് നടപടികളെല്ലാം അതിവേഗത്തില്‍ തന്നെ നടന്നു. ദാരുണസംഭവം നടന്ന് 110-ാംദിവസം കേരളം കാത്തിരുന്ന ആ വിധി വന്നു. പോക്സോ വകുപ്പ് ഉള്‍പ്പെട്ട കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. അഞ്ച് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 49 വര്‍ഷം കഠിനതടവുമുണ്ട്.
ആലുവ റൂറല്‍ എസ്. പി. വിവേക് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ആലുവ ഡി.വൈ.എസ്.പി. എ. പ്രസാദ് കേസില്‍ മേല്‍നോട്ടം വഹിച്ചു. ആലുവ സി.ഐ. മഞ്ജുദാസ്, എസ്.ഐ.മാരായ എ.കെ. സന്തോഷ് കുമാര്‍, പി.സി. പ്രസാദ്, എസ്.സി.പി.ഒ. ഷൈജ ജോര്‍ജ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്.
പ്രതിക്ക് വധശിക്ഷ വിധിച്ചതില്‍ പ്രോസിക്യൂഷനും കര്‍ത്തവ്യം ഭംഗിയായി നിറവേറ്റി. പ്രമാദമായ പലകേസുകളിലും പ്രോസിക്യൂട്ടറായിരുന്ന അഡ്വ.ജി. മോഹന്‍രാജ് ആയിരുന്നു ആലുവ കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. പ്രതിയെ പെട്ടെന്നു പിടികൂടാന്‍ പ്രധാന വിവരങ്ങള്‍ നല്‍കിയ നാട്ടുകാരും പരമാവധി ശിക്ഷ പ്രതിക്ക് നല്‍കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.