കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക്: മുഖ്യമന്ത്രി

Latest News

. കോഴിക്കോട്ട് വിദ്യാര്‍ത്ഥികളുമായി മുഖാമുഖം സംവദിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: കേരളം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസമേഖലയ്ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നതവിദ്യാഭ്യാസമേഖലയിലും നേടാന്‍ കഴിയണം. രാജ്യത്തെ 200 മികച്ച കോളജുകളില്‍ 41 എണ്ണം കേരളത്തിലാണ്. വിദ്യാഭ്യാസരംഗത്തെ ഹബ് ആക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വലിയ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഗവേഷണ മേഖലയില്‍ ചെലവഴിക്കുന്നത് . 126 പേര്‍ക്കാണ് മുഖ്യമന്ത്രിയുടെ നവകേരള ഡോക്ടറേറ്റ് ഫെല്ലോഷിപ്പ് ലഭിച്ചത് . മറ്റ് സ്കോളര്‍ഷിപ്പുകള്‍ക്ക് പുറമേ ആണിത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇത്രയധികം പേര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതികള്‍ മറ്റൊരു സംസ്ഥാനത്തുമില്ല .മുഖ്യമന്ത്രി പറഞ്ഞു.
ഭാവിയെ മുന്‍നിര്‍ത്തിയാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത്. യുവാക്കള്‍ അറിവിന്‍റെ രാഷ്ട്രീയം മനസ്സിലാക്കണം. പുതിയകാലത്ത് തൊഴില്‍ നേടിയാല്‍ പോര തൊഴില്‍ ദാതാക്കളാകണം. വിദേശത്തേക്ക് പോയവരെ തിരികെ എത്തിക്കാനായി ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ വഴി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ .ബിന്ദു അധ്യക്ഷത വഹിച്ചു മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എം.കെ. ശശീന്ദ്രന്‍, എളമരം കരീം എംപി,എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍,അഹമ്മദ് ദേവര്‍കോവില്‍, വൈസ് ചാന്‍സലര്‍മാരായ പ്രൊഫ.എം.കെ. ജയരാജ്, പ്രൊഫ.എം.വി.നാരായണന്‍, പ്രൊഫ.പി.ജി.ശങ്കരന്‍, പി.എം. മുബാറക്ക് ബാഷ,സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു.പി.അലക്സ്,സംസ്ഥാന വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജെ.പ്രസാദ്, പ്രൊഫ. ഫാത്തിമത്ത് സുഹ്റ, കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. സുധീര്‍, ഡോ.എം.എസ്.രാജശ്രീ എന്നിവര്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.വേണു സ്വാഗതവും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *