കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ദേശീയ ഫോറന്‍സിക് ലാബിന്‍റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരുന്നു.കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹങ്ങളില്‍ സയനൈഡോ മറ്റ് വിഷാംശങ്ങളോ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ,ജി. സൈമണ്‍ പറയുന്നു. കാലപ്പഴക്കം കൊണ്ട് മരണകാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ല,. സംസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴും നാല് മൃതദേഹങ്ങളില്‍ നിന്ന് വിഷത്തിന്‍റെയോ സയനൈഡിന്‍റെയോ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നില്ല. കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണിത്. തുടര്‍ന്ന് നാലുപേരുടെയും മരണം സംബന്ധിച്ച് പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ പാനല്‍ തയ്യാറാക്കുകയും അവരുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധനാ ഫലം കൂടുതല്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രലാബിലേക്ക് അയച്ചതെന്നും കെ.ജി, സൈമണ്‍ പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തില്‍ മുന്‍പ് സയനൈഡ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. 2002 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് ആറുപേരും കൊല്ലപ്പെട്ടത്. 2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്‍റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണു കേസ്. 2019ലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചത്. ശേഷം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരുന്നു.
ആര്‍ക്കും സംശയം തോന്നാതെ വ്യത്യസ്ത ഘട്ടങ്ങളിലായാണ് ജോളി ആറ് പേരെ കൊന്നത്. സംഭവത്തില്‍ സംശയം തോന്നിയ ജോളിയുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയാണ് അന്വേഷണത്തിലേക്ക് എത്തിയത്. ഇതോടെ കുഴിച്ച് മൂടിയ മൃതദേഹങ്ങള്‍ ഓരോന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയാണ് കൊല്ലപ്പെട്ടവരുടെ മരണ കാരണം ഉള്ളില്‍ വിഷം ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അന്വേഷണത്തിനൊടുവില്‍ പൊലീസ് ജോളിയില്‍ എത്തുകയായിരുന്നു.
ഭര്‍ത്താവിന്‍റെ മദ്യപാനം, സ്ഥിരം വരുമാനം ഇല്ലാത്തത്, സ്വത്ത് തട്ടിയെടുക്കല്‍ തുടങ്ങിയവയാണ് കൃത്യം ചെയ്യുന്നതിന് കാരണമായി ജോളി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്‍റെ ആദ്യ ഭാര്യയായിരുന്ന സിലി 2016 ജനുവരി 11നാണു മരിച്ചത്. ക്യാപ്സൂളില്‍ സയനൈഡ് നിറച്ചുനല്‍കി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജോളിക്കു സയനൈഡ് എത്തിച്ചു നല്‍കിയ എം.എസ് മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണ് കൊലപാതക പരമ്ബരക്കേസിലെ രണ്ടും മൂന്നും പ്രതികള്‍.