കൊച്ചി: നാലുപേരുടെ മരണത്തിനിടയാക്കിയ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിലുണ്ടായ ദുരന്തം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമെന്ന് പൊലീസ് ഹൈകോടതിയില്‍.
2015ലെ ഹൈകോടതി ഉത്തരവിനും സര്‍വകലാശാല ഉത്തരവിനും വിരുദ്ധമായാണ് കുസാറ്റില്‍ സംഗീത പരിപാടി സംഘടിപ്പിച്ചത്. ഉള്‍ക്കൊള്ളാവുന്നതിലും അധികം പേരെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണം. മറ്റു പല വീഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും തൃക്കാക്കര അസി. കമീഷണര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ സമര്‍പ്പിച്ച ഹരജിയിലാണ് പൊലീസിന്‍റെ വിശദീകരണം.
നവംബര്‍ 25ന് സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ ടെക് ഫെസ്റ്റിന്‍റെ ഭാഗമായി ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീതനിശ നടക്കാനിരിക്കേയാണ് ദുരന്തമുണ്ടായത്. സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ പ്രചാരണമാണ് പരിപാടിക്ക് നല്‍കിയിരുന്നത്. ആയിരംപേരെ ഉള്‍ക്കൊള്ളാനാവുന്ന ഓഡിറ്റോറിയത്തിലേക്ക് കയറാന്‍ തടിച്ചുകൂടിയെത്തിയത് 4000ത്തിലേറെപ്പേരാണ്. കാമ്പസിന് പുറത്തുനിന്നും ആളുകളെത്തി.
ആളുകളുടെ എണ്ണം സംബന്ധിച്ച് സംഘാടകര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. 80 സെക്യൂരിറ്റി ജീവനക്കാരുണ്ടായിട്ടും തിരക്ക് നിയന്ത്രിക്കാന്‍ നടപടിയുണ്ടായില്ല. കൂടുതല്‍പേരെ നിയോഗിച്ചുമില്ല. പൊലീസ് സ്റ്റേഷനിലും വിവരം നല്‍കിയിരുന്നില്ല. ഉച്ചക്ക് റിഹേഴ്സലിനുശേഷം വൈകീട്ട് മൂന്നു ഘട്ടങ്ങളായി കാണികളെ പ്രവേശിപ്പിക്കുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വൈകീട്ട് ആറരക്കായിരുന്നു റിഹേഴ്സല്‍. പരിപാടി തുടങ്ങിയെന്ന് ധരിച്ച് കാണികള്‍ ഓടിക്കയറിയത് അനിയന്ത്രിതമായ തിരക്കിന് കാരണമായി. ഓഡിറ്റോറിയത്തിലേക്കുള്ള ഒരു പ്രധാന ഗേറ്റ് മാത്രമാണ് തുറന്നത്. രണ്ട് ഗേറ്റ് അടച്ചിട്ടു. ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങാനുള്ള ചവിട്ടുപടികളുടെ നിര്‍മാണത്തിലെ അപാകതയും ദുരന്തത്തിന്‍റെ ആഴം കൂട്ടി.