കുറ്റകൃത്യങ്ങളില്‍പ്പെടുന്നവരെ സാമൂഹ്യപ്രതിബദ്ധതയുള്ളരാക്കി മാറ്റാന്‍ നിയമ വ്യവസ്ഥയ്ക്കു കഴിയണം: മന്ത്രി ഡോ. ആര്‍. ബിന്ദു

Latest News

തിരുവനന്തപുരം : കുറ്റകൃത്യങ്ങളില്‍പ്പെട്ടുപോകുന്നവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതാകണം നിയമവ്യവസ്ഥയും ശിക്ഷാരീതികളുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ‘കുറ്റവാളികളെ തിരുത്താം കുറ്റകൃത്യങ്ങള്‍ കുറയ്ക്കാം’ എന്ന മുദ്രാവാക്യവുമായി സാമൂഹികനീതി വകുപ്പും കെല്‍സയും ചേര്‍ന്നു സംഘടിപ്പിച്ച പ്രൊബേഷന്‍ ദിനാചരണവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കുറ്റകൃത്യങ്ങളുടെ വഴിയിലേക്ക് നീങ്ങുന്നവര്‍ക്കു തിരുത്തലുകള്‍ക്ക് അവസരമൊരുക്കുന്ന സമീപനമാണ് ആധുനിക സമൂഹം മുന്നോട്ടുവെക്കേണ്ടതെന്നു മന്ത്രി പറഞ്ഞു. ചെറിയ പ്രായത്തില്‍ത്തന്നെ കുറ്റകൃത്യങ്ങളില്‍പ്പെടുന്നവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനുള്ള പദ്ധതികള്‍ കാര്യക്ഷമായി നടപ്പാക്കണം. കുറ്റവാളികളെ പൂര്‍ണമായും തിരസ്കരിക്കുന്നതിനു പകരം സമൂഹത്തിലേക്ക് മികച്ച പൗന്മാരായി തിരികെയെത്തിക്കേണ്ടത് അനിവാര്യമാണ്. ഇതു സാധ്യമാക്കാന്‍ കുറ്റവാളികള്‍ക്ക് ശിക്ഷയോടൊപ്പം തന്നെ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പ്രോബെഷന്‍ സംവിധാനം. കുറ്റവാളികളെ നല്ല മനുഷ്യരാക്കി മാറ്റുന്നതിന് സൈക്കോ, സോഷ്യല്‍ പ്രവര്‍ത്തനങ്ങളും പുനരധിവാസവും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പ്രൊബേഷന്‍ നിയമം, നിര്‍വഹണം തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. പ്രൊബേഷന്‍ ഓഫിസര്‍മാര്‍, കെല്‍സ പ്രതിനിധികള്‍, നിയമ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യറുടെ ജന്മദിനമായ നവംബര്‍ 15 മുതല്‍ അദ്ദേഹത്തിന്‍റെ ചരമ ദിനമായ ഡിസംബര്‍ നാല് വരെ പ്രൊബേഷന്‍ പക്ഷാചരണമായി ആചരിക്കുന്നതിന്‍റെ ഭാഗമായാണു സെമിനാര്‍ സംഘടിപ്പിച്ചത്.ഉദ്ഘാടന ചടങ്ങില്‍ എം. വിന്‍സന്‍റ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ എം. അഞ്ജന, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ജില്ലാ ജഡ്ജും കെല്‍സ മെമ്പര്‍ സെക്രട്ടറിയുമായ കെ.ടി നിസാര്‍ അഹമ്മദ്, ഡിജി പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ബല്‍റാം കുമാര്‍ ഉപദ്ധ്യായ്, നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി, ഭോപ്പാല്‍ മുന്‍ ഡയറക്ടര്‍ ജി. മോഹന്‍ കുമാര്‍, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല അസിസ്റ്റന്‍റ് പ്രൊഫസര്‍ രേഷ്മ ഭരദ്വാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *