കുറുക്കന്‍മൂലയില്‍ കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം

Top News

മാനന്തവാടി : വയനാട് കുറുക്കന്‍മൂലയില്‍ നാട്ടിലിറങ്ങിയ കടുവയ്ക്കായി വനം വകുപ്പ് തിരച്ചില്‍ തുടരുന്നു.ഇന്നലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കുറുക്കന്‍മൂലയോട് ചേര്‍ന്നുള്ള മുട്ടന്‍കരയിലാണ് കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയത്. ഇന്നലെ മുഴുവന്‍ ഈ മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.കടുവ നാട്ടിലിറങ്ങിയിട്ട് 24 ദിവസം പിന്നിടുകയാണ്. എന്നാല്‍ കഴിഞ്ഞ ആറ് ദിവസമായി കടുവ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിട്ടില്ല. ദിവസങ്ങളായി ബേഗുര്‍ സംരക്ഷിത വനത്തില്‍ ചെട്ടിപ്പറമ്ബ് ഭാഗത്താണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വനത്തിനുള്ളില്‍ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.കുങ്കി ആനകളുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. മുറിവേറ്റതിനാല്‍ കടുവ അവശനിലയിലാണെന്നും സംശയമുണ്ട്.കുറ്റിക്കാടുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കിയും തിരച്ചില്‍ നടക്കുന്നുണ്ട്.
ദിവസങ്ങളായി കടുവക്ക് ഭക്ഷണവും ലഭിച്ചിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്.ബേഗൂര്‍ റേഞ്ചിലെ വിവിധയിടങ്ങളില്‍ കടുവ സഞ്ചരിക്കുകയാണ്.എന്നാല്‍ സാന്നിദ്ധ്യം തിരിച്ചറിയുന്നു എന്നല്ലാതെ നേരിട്ട് കാണാന്‍ വനപാലകര്‍ക്ക് സാധിച്ചിട്ടില്ല.കടുവ കടന്നുപോവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ശ്രമങ്ങളും തുടരുമ്പോഴും കടുവ കാണാമറയത്ത് തുടരുന്നത് കുറുക്കന്‍ മൂലയേയും പരിസര പ്രദേശങ്ങളെയും വീണ്ടും ആശങ്കയിലാക്കുകയാണ്. കടുവ ഈ പ്രദേശത്ത് തന്നെയുണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.മയക്കുവെടിവെക്കാനുള്ള മൂന്ന് സംഘങ്ങള്‍ ഉള്‍പ്പെടെ 200 വനപാലകരാണ് കടുവാ ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *