തിരുവനന്തപുരം: ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ താഴെയിറക്കാനുള്ള ഭരണഘടനാ വിരുദ്ധമായ കടന്നുകയറ്റമാണ് നടക്കുന്നത്. എംഎല്‍എമാരെ വിലയ്ക്കെടുത്ത് കൊണ്ടുള്ള കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണറെയുപയോഗിച്ച് അട്ടിമറിയ്ക്കുള്ള ശ്രമം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്‍റെ മര്‍മ്മ പ്രധാനസ്ഥലങ്ങളില്‍ പോലും സ്വകാര്യവത്കരണമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടി അര്‍ഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങള്‍ പോലും അറിയിപ്പില്ലാതെ തന്നെ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു. ഈ സ്ഥാപനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരാണ് ഭൂമി ഏറ്റെടുത്ത് നല്‍കിയത്. സ്വകാര്യ മേഖലയില്‍ സാമൂഹ്യ നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണ് മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വേയില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല. രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ പത്ത് ലക്ഷം ഒഴിവുകള്‍ നിയമനം നടക്കാതെ കിടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേ സമയം കേരളത്തില്‍ ഭരണഘടനാ തകര്‍ച്ചയ്ക്കായി സിപിഎം ശ്രമം തുടങ്ങിയതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പ് ആരോപിച്ചിരുന്നു. രാജ്ഭവനിലേയ്ക്ക് നടത്തുന്ന മാര്‍ച്ച് താനുള്ള സമയത്താണെങ്കില്‍ പൊതു സംവാദത്തിന് തയ്യാറാണെന്നും ധൈര്യമുണ്ടെങ്കില്‍ രാജ്ഭവനിലേയ്ക്ക് തള്ളിക്കയറാനും തന്നെ വഴിയില്‍ വച്ച് കൈയ്യേറ്റം ചെയ്യാനും ഗവര്‍ണര്‍ വെല്ലുവിളി നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം എന്ന് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.