കൊച്ചി: നൈറ്റ് ലൈഫ് വേണ്ടെന്ന് ആരോഗ്യ സര്‍വകലാശാല. ഇരുപത്തിയഞ്ച് വയസായാലെ ആളുകള്‍ക്ക് പക്വത വരികയുള്ളൂവെന്നും അതിനുമുമ്പ് പറയുന്നതൊന്നും അംഗീകരിക്കാനാകില്ലെന്നും സര്‍വകലാശാല ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.ഹോസ്റ്റല്‍ ടൂറിസ്റ്റ് ഹോമുകളല്ല. പഠിക്കുന്നതിന് വേണ്ടിയാണ് ഹോസ്റ്റലില്‍ നില്‍ക്കുന്നത്. അല്ലാതെ നൈറ്റ് ലൈഫ് ആസ്വദിക്കാനല്ല. രാത്രി പുറത്തിറങ്ങേണ്ടതില്ല. ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം.
കോളേജുകളിലെ ലൈബ്രറികള്‍ ഒന്‍പത് മണിയ്ക്ക് അടക്കും. ഹോസ്റ്റലില്‍ ഒന്‍പതരയ്ക്ക് കയറണമെന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല. ഇരുപത്തിയഞ്ച് വയസിലാണ് ഒരാള്‍ക്ക് പക്വതവരികയെന്നാണ് രാജ്യാന്തര തലത്തില്‍ നടത്തിയ പല പഠനങ്ങളും വ്യക്തമാക്കുന്നതെന്നാണ് സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.രാത്രിയില്‍ ഒന്‍പതര കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ കയറ്റുന്നില്ലെന്ന് കാണിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെയാണ് ആരോഗ്യസര്‍വകലാശാല സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.