കുട്ടികളോട് അഭിപ്രായമാരാഞ്ഞ് പാഠ്യപദ്ധതി പരിഷ് കരിക്കുന്നത് ചരിത്രത്തിലാദ്യം : മന്ത്രി

Latest News

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് കുട്ടികളോട് അഭിപ്രായമാരാഞ്ഞു പാഠ്യപദ്ധതി പരിഷ്കരണം നടത്തുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കരിക്കുലം കമ്മിറ്റി-പാഠ്യപദ്ധതി കോര്‍ കമ്മിറ്റി സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ അഭിപ്രായങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. 2022 നവംബര്‍ 17 ന് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും ചര്‍ച്ച സംഘടിപ്പിച്ചു. പരിഷ്കരണ ചര്‍ച്ചയെ കുട്ടികള്‍ ആവേശപൂര്‍വം ഏറ്റെടുത്തു എന്നാണ് മനസ്സിലാകുന്നത്. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിന് തന്നെ മാതൃകയാവും.
ജനകീയ ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് നിരവധിപ്പേര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ടെക് പ്ലാറ്റ്ഫോം ഒരുക്കിയിരുന്നു. ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും പാഠ്യപദ്ധതി പരിഷ്കരണത്തെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള അവസരമാണ് ഇതിലൂടെ നല്‍കിയത്.ഏറെ ജനകീയമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

പൊതുസമൂഹത്തിന്‍റെ അഭിപ്രായം സ്വരൂപിക്കുന്നതിന് തയാറാക്കിയ ചര്‍ച്ചാ കുറിപ്പുകള്‍ അടങ്ങിയ കൈപ്പുസ്തകത്തിലെ ബന്ധപ്പെട്ട ചില ചോദ്യങ്ങളെ സ്കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സര്‍ക്കാര്‍ നയമായും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *