കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംഭവം ആവര്‍ത്തിക്കരുത്

Top News

കൊല്ലം ജില്ലയില്‍ ഓയൂരില്‍ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിയെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം കേരളത്തെ ഞെട്ടിച്ചു.പട്ടാപ്പകല്‍ കാറിലെത്തിയ സംഘം കൂടെയുണ്ടായിരുന്ന എട്ടുവയസ്സുകാരനായ സഹോദരനെയും കാറിലിട്ടു കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം കൊണ്ട് ആ കുട്ടി രക്ഷപ്പെട്ടു വിവരം വീട്ടിലും നാട്ടിലും അറിയിച്ചു. സംഭവം നടന്ന് 21 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊലീസിന്‍റെ പഴുതടച്ചുള്ള നീക്കങ്ങളും അന്വേഷണവും കാരണം അക്രമികള്‍ക്ക് ജില്ല വിട്ടുപോകാന്‍ കഴിഞ്ഞില്ല എന്നത് വളരെയേറെ നിര്‍ണായകമായി. സംഭവം നടന്ന ഉടന്‍തന്നെ ശക്തവും ഊര്‍ജ്ജസ്വലവുമായ നടപടികള്‍ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത് അക്രമികളെ സമ്മര്‍ദ്ദത്തിലാഴ്ത്തി. പിടിക്കപ്പെടും എന്ന് ഉറപ്പായത്തോടെ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ നിര്‍ബന്ധിതരായി.അക്രമികളെ ജില്ലയ്ക്കുള്ളില്‍ തന്നെ തളച്ചിടാന്‍ കഴിഞ്ഞതില്‍ പൊലീസ് മേധാവികളും അന്വേഷണസംഘവും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. എങ്കിലും കുറച്ചുകൂടി നേരത്തെ തന്നെ കുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ അഭിമാനകരമായേനെ.ജനങ്ങളും യുവസംഘടനകളുടെ പ്രവര്‍ത്തകരും മാധ്യമങ്ങളുമെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ഇവരെല്ലാം സ്വീകരിച്ച സമീപനം അഭിനന്ദനാര്‍ഹമാണ്. അന്വേഷണം പഴുതടച്ചു മുന്നേറാന്‍ ഈ സഹകരണം സഹായകരമായി.
പട്ടാപ്പകല്‍ ഒരു കുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടു പോവുക,മോചിപ്പിക്കാന്‍ പണം ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ കേരളത്തിന് ഒട്ടും ഭൂഷണമല്ല. ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം എന്താണെന്ന് സമൂഹത്തിന് വ്യക്തമാകണം. സംഭവത്തിലെ ദുരൂഹത മറനീക്കി പുറത്തുവരണം.
പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ നല്‍കണം. മാതൃകാപരവും കര്‍ശനവുമായ നടപടികള്‍ അനിവാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകാന്‍ ഇനിയാരും ധൈര്യപ്പെടരുത്.

Leave a Reply

Your email address will not be published. Required fields are marked *