കുട്ടികളെ കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്തുന്നതിന് പ്രാധാന്യം നല്‍കണമെന്ന് മന്ത്രി

Latest News

തിരുവനന്തപുരം : കുട്ടികളെ കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്തുന്നതിന് പ്രാധാന്യം നല്‍കണമെന്നും ബന്ധപ്പെട്ട എല്ലാവരും ഒന്നിച്ച് പരിശ്രമിച്ചാല്‍ കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസം വിജയിപ്പിക്കാനാകുമെന്നും സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.
യുനിസെഫിന്‍റെ സഹകരണത്തോടെ വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന, ‘ഡീ-ഇന്‍സ്റ്റിറ്റ്യൂഷനലൈസേഷന്‍ ആന്‍ഡ് ഫാമിലി ബേസ്ഡ് ഓള്‍ട്ടര്‍നേറ്റീവ് കെയര്‍’, എന്ന വിഷയത്തില്‍ ദ്വിദിന ശില്‍പ്പശാല ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പാക്കിയ പേരന്‍റിംഗ് ക്ലിനിക്, കാവല്‍, കാവല്‍-പ്ലസ്, വിജ്ഞാനദീപ്തി എന്നീ പദ്ധതികള്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.ഇന്ത്യയില്‍ ശിശുക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണെന്ന് ചടങ്ങില്‍ സംസാരിച്ച യുനിസെഫ് ഇന്ത്യയുടെ ശിശുസംരക്ഷണ വിഭാഗം മേധാവി സൊളേഡഡ് ഹെരേരോ ചൂണ്ടിക്കാട്ടി.
കുട്ടികളെ സ്ഥാപനങ്ങള്‍ക്കുള്ളില്‍ തളച്ചിട്ട് വളര്‍ത്തുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്ന് വിവിധ സര്‍വ്വേ ഫലങ്ങള്‍ ഉദ്ധരിച്ച് അവര്‍ അഭിപ്രായപ്പെട്ടു. സ്വന്തം കുടുംബാന്തരീക്ഷത്തിലോ ദത്തോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ലഭ്യമാകുന്ന സ്നേഹസമ്പന്നമായ കുടുംബത്തിലോ ആകണം കുട്ടികള്‍ വളരേണ്ടത്.
ശില്‍പ്പശാലയില്‍ തമിഴ്നാട്, ഒഡീഷ, മധ്യപ്രദേശ്, യു.പി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. യുനിസെഫ് ഇന്ത്യ സോഷ്യല്‍ പോളിസി മേധാവി ഹ്യൂന്‍ ഹി ബാന്‍, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.വി മനോജ് കുമാര്‍, വനിതാ-ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പ്രിയങ്ക ജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *