തിരുവനന്തപുരം: ശാസ്ത്ര സാങ്കേതികവിദ്യയുടെ കാലത്തും അന്ധവിശ്വാസങ്ങള്‍ വളരുമ്പോള്‍ കുട്ടികളില്‍ മാനവികതയും യുക്തിയും ശാസ്ത്രബോധവും വളര്‍ത്തിയെടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
ശിശുദിനാഘോഷങ്ങത്തോടനുബന്ധിച്ച് ഞായറാഴ്ച സംസ്ഥാന ശിശുക്ഷേമസമിതി ഓഡിറ്റോറിയത്തില്‍ ശിശുദിന സന്ദേശം ഓണ്‍ലൈനായി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് കാലത്ത് കുട്ടികള്‍ വലിയ പ്രയാസങ്ങള്‍ നേരിട്ടു. എന്നാല്‍ കേരളത്തിലെ എല്ലാ കുട്ടികളെയും സര്‍ക്കാര്‍ സവിശേഷമായി പരിഗണിച്ചു. രാജ്യത്തിനാകെ മാതൃകയാകും വിധം സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമായി ലഭ്യമാക്കി. കോവിഡ് അനാഥരാക്കിയ കുട്ടികളെ ഏറ്റെടുക്കുന്ന നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു. ഇത്തരം സ്നേഹപൂര്‍ണമായ നടപടികള്‍ ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ശിശു സൗഹൃദ ഇടമായി നിലനിര്‍ത്തുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യം. കേരളത്തിലുള്ള ഓരോ കുട്ടിക്കും വളരാനും കളിക്കാനും പഠിക്കാനുമുള്ള അവസരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. സമാധാനപരമായ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്ക് വളരാന്‍ കഴിയണമെന്നും അവര്‍ക്ക് വേണ്ട സ്നേഹവും പരിചരണവും ഭക്ഷണവും വിദ്യാഭ്യാസവും ലഭ്യമാക്കി നാളെയുടെ പൗരന്‍മാരെ വാര്‍ത്തെടുക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.
ശാസ്ത്രബോധവും മതനിരപേക്ഷമൂല്യങ്ങളും കുട്ടിക്കാലത്ത് തന്നെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും തുല്യതയും സഹകരണവും സഹവര്‍ത്തിത്വവും കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതി, മതം, ലിംഗം, ദേശം, ഭാഷ എന്നീ അതിരുകള്‍ക്കതീതമായി ചിന്തിക്കാനും ജീവിക്കാനും കുട്ടികളെ പ്രാപ്തമാക്കി എടുക്കണമെന്നും അതിന് ഉതകുന്ന വിധത്തില്‍ ആയിരിക്കണം ശിശുദിന ആഘോഷങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ നേതാക്കളായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെയും ശിശുദിന സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്ത അക്ഷയ് ബി പിള്ളയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും മുഖ്യമന്ത്രി ശിശുദിന ആശംസകള്‍ നേര്‍ന്നു.
വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി വീണാജോര്‍ജ് ആഘോഷചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു; ശിശുദിന സ്റ്റാമ്പ് പ്രകാശനം നിര്‍വഹിച്ച് ആശംസകള്‍ നേര്‍ന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണിരാജു ചടങ്ങില്‍ മുഖ്യഅതിഥിയായി പങ്കെടുത്തു.
സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ ജെ.എസ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, സമിതി ട്രഷറര്‍ ആര്‍ രാജു, സെക്രട്ടറി കെ. ജയപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുട്ടികളുടെ പ്രധാനമന്ത്രി നിധി പി.എ, പ്രസിഡന്‍റ് ഉമ എസ്, സ്പീക്കര്‍ ദേവകി ഡി.എസ്, മിന്നാ രഞ്ജിത്ത്, ധ്വനി ആഷ്മി തുടങ്ങിയവര്‍ ശിശുദിന റാലിക്ക് നേതൃത്വം നല്‍കി.