കുടുംബാംഗങ്ങളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; മകനും പേരക്കുട്ടിയും മരിച്ചു

Top News

. പ്രതിയായ ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍:ഗൃഹനാഥന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കാകോട് കൊട്ടേക്കാടന്‍ വീട്ടില്‍ ജോണ്‍സന്‍റെ മകന്‍ ജോജി (40), പേരക്കുട്ടി ടെന്‍ഡുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മരുമകള്‍ ലിജി (34) കൊച്ചിയില്‍ ചികിത്സയിലാണ്. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സണ്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. തീ കൊളുത്തുന്നതിനിടെ ജോണ്‍സനും പൊള്ളലേറ്റിട്ടുണ്ട്. ബുധനാഴ്ച അര്‍ധരാത്രി 12.30 ഓടെ കുടുംബം ഉറങ്ങിക്കിടക്കുന്ന സമയത്താണ് ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. അതിനുശേഷം ജോണ്‍സണ്‍ തൊട്ടടുത്തുള്ള മുറിയില്‍ പോയി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അയല്‍വാസിയാണ് മുറിയില്‍ തീ കത്തുന്നത് കണ്ടത്. അയാള്‍ മോട്ടര്‍ ഉപയോഗിച്ച് വെള്ളം മുറിയിലേക്ക് പമ്പ് ചെയ്ത് തീ കെടുത്തുകയായിരുന്നു.
സംഭവത്തിനു പിന്നില്‍ കുടുംബ വഴക്കാണെന്നു പൊലീസ് പറഞ്ഞു. ജോണ്‍സനും മകനും തമ്മില്‍ മിക്കപ്പോഴും അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് മകന്‍ മുന്‍പുതന്നെ കുടുംബസമേതം മറ്റൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് മധ്യസ്ഥം പറഞ്ഞാണ് രണ്ടു വര്‍ഷം മുന്‍പ് ഇവരെ കുടുംബവീട്ടിലേക്ക് തിരിച്ചെത്തിച്ചത്.
ബുധനാഴ്ച അര്‍ധരാത്രി ജോണ്‍സന്‍ മകനെയും കുടുംബത്തെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. ജോജിയും ലിജിയും ടെന്‍ഡുല്‍ക്കറും ഒരു മുറിയിലാണ് കിടന്നിരുന്നത്. ഈ മുറിയില്‍ എസി പ്രവര്‍ത്തിപ്പിച്ചിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ ജോണ്‍സന്‍ ജനല്‍ വാക്കത്തി ഉപയോഗിച്ച് തകര്‍ത്തശേഷം പെട്രോള്‍ മുറിയിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീകൊളുത്തുന്നതിനിടെ ജോണ്‍സന്‍റെ രണ്ടു കൈകള്‍ക്കും പൊള്ളലേറ്റു. മുറി പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ ജോജിക്കും ലിജിക്കും ടെന്‍ഡുല്‍ക്കറിനും പുറത്തിറങ്ങാനായില്ല. സംഭവസമയം ജോണ്‍സന്‍റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഭാര്യ കിടന്നിരുന്ന മുറിയും ജോണ്‍സന്‍ പുറത്തുനിന്ന് പൂട്ടിയതായാണ് വിവരം.
വീട്ടില്‍നിന്ന് തീയാളുന്നതു കണ്ട് അയല്‍വാസിയായ യുവാവ് ഓടിയെത്തിയെങ്കിലും ജോണ്‍സന്‍ ഇയാളെ തള്ളിമാറ്റി. കിണറ്റില്‍നിന്ന് വെള്ളം പമ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ജോണ്‍സന്‍ മോട്ടറും കേടാക്കിയിരുന്നു. ഇതോടെ, വളരെ ആസൂത്രിതമായാണ് ജോണ്‍സന്‍ മകനെയും കുടുംബത്തെയും ഇല്ലാതാക്കിയതെന്നാണ് വ്യക്തമാകുന്നത്.തുടര്‍ന്ന് തൊട്ടടുത്ത വീട്ടില്‍നിന്ന് വെള്ളം പമ്പ് ചെയ്താണ് മുറിയിലെ തീയണച്ചത്. പക്ഷേ, അപ്പോഴേക്കും മൂന്നു പേര്‍ക്കും 90 ശതമാനവും പൊള്ളലേറ്റിരുന്നു. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചി മെഡിക്കല്‍ സെന്‍ററിലേക്കും മാറ്റി. ഇന്നലെ ഉച്ചയോടെ ജോജിയും മകന്‍ ടെന്‍ഡുല്‍ക്കറും മരിച്ചു. ലിജിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ വിഷം കഴിച്ച് അവശനിലയില്‍ ജോണ്‍സനെ വീടിന്‍റെ ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോണ്‍സന്‍റെ നിലയും ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *