ചെര്‍പ്പുളശ്ശേരി: രണ്ടരവയസുകാരനായ മകനെ സാരിയില്‍ കെട്ടിത്തൂക്കിയശേഷം യുവതി ജീവനൊടുക്കി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വീടിന്റെ വാതിലുകള്‍ അടച്ച് കുട്ടിയെ സാരിയില്‍ കെട്ടിത്തൂക്കുകയായിരുന്നു. തൊട്ടടുത്താണ് ജയന്തി തൂങ്ങിമരിച്ചത്. ബഹളംകേട്ടെത്തിയ പൊലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍മൂലമാണ് കുട്ടി രക്ഷപ്പെട്ടത്. വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറിയ ചലനം ഉണ്ടെന്ന് മനസിലായതോടെ താഴെയിറക്കി പ്രഥമശുശ്രൂഷ നല്കി.
അതിനുശേഷം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തുക്കുകയായിരുന്നു. ജ്യോതിഷ്കുമാര്‍ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭര്‍തൃവീട്ടില്‍ മകനും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കുമൊപ്പമായിരുന്നു ജയന്തി താമസിച്ചിരുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.