തിരുവനന്തപുരം: കഴിഞ്ഞദിവസം ചാക്കയില്‍നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ഉത്തരം കിട്ടാതെ പൊലീസ്. 19 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ചൊവാഴ്ച കുഞ്ഞിനെ കണ്ടെത്തിയത്.ഈസ്ഥലത്ത് മൂന്ന് യുവാക്കളെ കണ്ടിരുന്നതായി പരിസരവാസിയുടെ വെളിപ്പെടുത്തലിനെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. എസ്.എ.ടി ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. തേന്‍ വില്‍പനക്കായി കേരളത്തിലെത്തിയ ബിഹാര്‍ സ്വദേശികളുടെ കുട്ടിയെയാണു മണിക്കൂറുകളോളം കാണാതായത്. ചാക്കയിലെ റോഡരികില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ ഞായറാഴ്ച അര്‍ധരാത്രി കുഞ്ഞിനെ കാണാതായി. പകല്‍ മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാത്രി ഏഴരയോടെ 500 മീറ്റര്‍ അകലെയുള്ള ഓടയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടില്‍ തപ്പുമ്പോഴാണ് സമീപവാസിയുടെ വെളിപ്പെടുത്തല്‍. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് അടുത്തായി 15-16 വയസ്സു തോന്നിക്കുന്ന മൂന്നു ആണ്‍കുട്ടികള്‍ സിഗരറ്റ് വലിക്കുന്നത് കണ്ടെന്നാണ് ചാക്ക സ്വദേശി പറയുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. സ്ഥലവാസികളല്ലാത്ത കുട്ടികള്‍ പാലത്തിനടുത്ത് ഇരിക്കുകയായിരുന്നു. പഴയ പാന്‍റ്സും ഷര്‍ട്ടുമായിരുന്നു വേഷം. ഇതര സംസ്ഥാനക്കാരാണെന്നും മുടി വളര്‍ത്തിയവരാണെന്നുമാണ് മൊഴി.നഗരമധ്യത്തില്‍, തന്ത്രപ്രധാന മേഖലയില്‍ കുട്ടിയെ മണിക്കൂറുകളോളം കാണാതായിട്ടും കാരണം കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നതില്‍ വിമര്‍ശനമുയര്‍ന്നു. ആരോ തട്ടിയെടുത്തശേഷം ഉപേക്ഷിച്ചതോ കുട്ടി ഒറ്റയ്ക്കു സഞ്ചരിച്ചതോ ആകാമെന്നാണു പൊലീസ് പറയുന്നത്. തട്ടിയെടുത്തെന്ന സംശയത്തില്‍ പ്രദേശത്തെ സി.സി ടി.വികളെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.
ഞായറാഴ്ച 12 നുശേഷം കുട്ടിയെ കാണാതായെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. ഒരു സ്കൂട്ടറില്‍ കുട്ടിയെ കൊണ്ടുപോയതായി സഹോദരന്‍റെ മൊഴിയുണ്ട്. സി.സി ടി.വിയില്‍ ഇത്തരമൊരു സ്കൂട്ടറിന്‍റെ ദൃശ്യം കണ്ടെത്താനായില്ല. സ്ഥലത്തിന്‍റെ പ്രത്യേകത അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ബ്രഹ്മോസ് കേന്ദ്രത്തിനു തൊട്ടടുത്തുള്ള മൈതാനത്താണ് ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബം താമസിക്കുന്നത്.