കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍; ഒരാള്‍ മരിച്ചു

Top News

കൊല്ലം: കൊല്ലത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് മധുര സ്വദേശിയാണ് മരിച്ചത്. അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലാണ് കുംഭാവുരുട്ടിയിലുണ്ടായത്.വിനോദ സഞ്ചാരികള്‍ കുളിച്ചുകൊണ്ടിരിക്കെ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അവധി ദിനമായതിനാല്‍ ഇന്നലെ ഏറെ സഞ്ചാരികളുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്.
അഞ്ചുവര്‍ഷത്തിന് ശേഷം 25 ലക്ഷം രൂപ മുടക്കി നവീകരിച്ച് ജൂലൈ രണ്ടാംവാരമാണ് കുംഭാവുരുട്ടി ഇക്കോ സെന്‍റര്‍ സഞ്ചാരികള്‍ക്കായി തുറന്നത്. ചെങ്കോട്ട-അച്ചന്‍കോവില്‍ പാതയില്‍ നിന്നും നാല് കിലോമീറ്റര്‍ ഉള്‍വനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അച്ചന്‍കോവില്‍ ആറിന്‍റെ കൈവഴിയാറും, പുലിക്കവല, കാനയാര്‍ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തില്‍ എത്തുന്നത്. 250 അടി ഉയരത്തില്‍ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

Leave a Reply

Your email address will not be published. Required fields are marked *