കാസര്‍ഗോഡ്: കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷതവഹിക്കും. നേരത്തേ തന്നെ പൂര്‍ത്തീകരിച്ച ഫിഷറീസ് സ്റ്റേഷനിലേക്ക് ഫെബ്രുവരിയില്‍ തസ്തികകള്‍ സൃഷ്ടിച്ച് തീരുമാനമായിരുന്നു. ഫിഷറീസ് സ്റ്റേഷന്‍ നിര്‍മാണത്തിനായി ജില്ലയ്ക്ക് 50 ലക്ഷം രൂപ അനുവദിച്ചതിനെത്തുടര്‍ന്ന് കേരള തീരദേശ വികസന കോര്‍പറേഷന്‍ 2016ല്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു.
മത്സ്യബന്ധന തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും കടലില്‍ ആവശ്യമായ സുരക്ഷ വേഗത്തില്‍ ഉറപ്പാക്കുക എന്നതാണ് ഫിഷറീസ് സ്റ്റേഷന്‍റെ പ്രധാന ലക്ഷ്യം. ബോട്ടുകളുടെ ലൈസന്‍സ് സംബന്ധമായ പരിശോധനയും അനധികൃത മീന്‍പിടിത്തം തടയുകയും ചെയ്യേണ്ടത് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തേണ്ട പ്രവര്‍ത്തനങ്ങളാണ്. ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കടലില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ വിതരണം, അവ ഉപയോഗിക്കുന്നത് ഉറപ്പാക്കുന്നതിലൂടെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കല്‍, കടല്‍ക്ഷോഭം ഉണ്ടാകുന്ന മാസങ്ങളില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഫിഷറീസ് സ്റ്റേഷനില്‍ നടക്കും.
അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍നിന്നും അനധികൃതമായി ധാരാളം യാനങ്ങള്‍ ജില്ലയില്‍ മത്സ്യ ബന്ധനം നടത്തി വരുന്നുണ്ടെന്നും ജില്ലയില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇത് തടയാന്‍ സാധിക്കുന്നില്ലെന്നും ഫിഷറീസ് സ്റ്റേഷനും അനുബന്ധിച്ചുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെയും പ്രവര്‍ത്തനം സാധ്യമാകുന്നതോടെ ഇത്തരം അനധികൃത മത്സ്യബന്ധനം പൂര്‍ണമായും തടയാന്‍ സാധിക്കുമെന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന്‍ പറഞ്ഞു.