കോഴിക്കോട് :സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാംദിവസം പിന്നിട്ടപ്പോള്‍ കലാലഹരി കോഴിക്കോടിനെ ഗ്രസിച്ചിരിക്കുന്നു. അതോടൊപ്പം കലാകിരീടത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ആവേശവും ഉച്ചസ്ഥായിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പോയിന്‍റ് നിലയില്‍ കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പമാണ് . ഒന്നാം ദിവസം കണ്ണൂരായിരുന്നു മുന്‍പിലെങ്കില്‍ രണ്ടാം ദിവസം കോഴിക്കോടാണ് ഏറെ മുന്നേറിയത്. തൊട്ടുപുറകില്‍ പാലക്കാടും തൃശൂരും മലപ്പുറവുമുണ്ട്.
ജനങ്ങളുടെ വന്‍ തിരക്കാണ് ഓരോ വേദികളിലും അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെ’അതിരാണി പാടം ‘ വേദിയിലും തളി സാമൂതിരി സ്കൂളിലെ ‘ഭൂമി ‘വേദിയിലും ഇന്നലെ കാണികളുടെ പങ്കാളിത്തം വളരെയേറെയായിരുന്നു.
കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഇനമായ ഒപ്പനയ്ക്കാണ് ഇന്നലെ അതിരാണിപ്പാടം വേദിയില്‍ വീട്ടമ്മമാരടക്കമുള്ള കാണികള്‍ ഒഴുകിയെത്തി.ഉച്ചയ്ക്ക് രണ്ടുമണിക്ക് തന്നെ ഒപ്പന തുടങ്ങി. ഒപ്പനപ്പാട്ടുകളുടെ അകമ്പടിയില്‍ മണവാട്ടിയെ ഇരുത്തി കൂട്ടുകാരികള്‍ ചുവടുവെച്ചു. മണവാട്ടിയുടെ സൗന്ദര്യം വര്‍ണിച്ചും മണവാളന്‍റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടിയും അവര്‍ താളത്തിനൊത്ത് മുന്നേറി. ഹൃദ്യമായ ഒരു അനുഭവമായിരുന്നു കാഴ്ചക്കാര്‍ക്ക് . മലബാറിലെ ഒരു വിവാഹവീടിന്‍റെ പശ്ചാത്തലമെന്നപോലെ സകലരും ഒപ്പനയില്‍ മുഴുകി.
രണ്ടാംവേദി ഭൂമിയില്‍ രാവിലെ ഒമ്പത് മണിക്ക് ഹയര്‍സെക്കന്‍ററി വിഭാഗം നാടക മത്സരംതുടങ്ങി. കുട്ടികളുടെ അഭിനയവും നാടകങ്ങളുടെ ആശയങ്ങളുമെല്ലാം വളരെ ശ്രദ്ധേയമായി. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളോടുള്ള കൗമാരപ്രതിഭകളുടെ പ്രതികരണങ്ങള്‍ പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞു. നാടകം ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന കോഴിക്കോട്ടുകാരെ നിരാശരാക്കിയില്ല നാടകവേദി.ഇരിപ്പിടങ്ങള്‍ നിറഞ്ഞു കവിഞ്ഞ് കാണികള്‍ വേദിയുടെ പുറത്തേക്കു നീണ്ടു.
നാടോടി നൃത്തം, മോഹിനിയാട്ടം, പൂരക്കളി,ഭരതനാട്യം,കുച്ചുപ്പുടി, ദഫ്മുട്ട്, കോല്‍ക്കളി,മോണോ ആക്ട്,പഞ്ചവാദ്യം, ചാക്യാര്‍കൂത്ത്,അറബി സാഹിത്യോത്സവം, മിമിക്രി, കഥകളി, ലളിതഗാനം, സംസ്കൃതോത്സവം,ബാന്‍ഡ്മേളം തുടങ്ങിയ നിരവധി ഇനങ്ങളില്‍ രണ്ടാം ദിവസം മത്സരങ്ങള്‍ അരങ്ങേറി.