കിഫ്ബിയെ സംരക്ഷിക്കുക നാടിന്‍റെ വികസനം
ഉറപ്പ് വരുത്തുന്നതിനുളള നടപടിയാണെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

പത്തനംതിട്ട: കിഫ്ബിയെ സംരക്ഷിക്കുക നാടിന്‍റെ വികസനം ഉറപ്പ് വരുത്തുന്നതിനുളള നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരായ ഏത് ആക്രമണത്തേയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.
പി എം സുരേഷ് ബാബു കോണ്‍ഗ്രസില്‍ നിന്ന് ഇതുവരെ അനുഭവിക്കേണ്ടി വന്ന വേദനകളെല്ലാം പറഞ്ഞ് പടിയിറങ്ങുകയാണ്. വര്‍ഗീയ വിരുദ്ധ സമീപനം സ്വീകരിക്കുന്നവര്‍ക്ക് രക്ഷയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് വിട്ടുകൊണ്ട് സുരേഷ് ബാബു പറഞ്ഞ കാര്യങ്ങള്‍ ഗൗരവതരമാണ്. മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസിന് ആകുന്നില്ല. വര്‍ഗീയ പ്രീണന നയങ്ങളുമായി സന്ധി ചെയ്യുന്നവര്‍ക്കേ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ ആകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയും ജനാധിപത്യ മൂല്യവും കാത്തുസൂക്ഷിക്കുന്നവര്‍ക്ക് എല്‍ ഡി എഫ് അസ്വീകാര്യമാവേണ്ട കാര്യമില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍ എസ് എസ് നടത്തുന്ന തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ സംശയങ്ങളുയരുന്നുണ്ട്. എന്താണ് അങ്ങനെ പ്രത്യേക പെരുമാറ്റത്തിന് കാരണമെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു.എന്‍ എസ് എസിന് സര്‍ക്കാരിനോട് ഒരു പെരുമാറ്റം ഉണ്ടെന്ന് നാട്ടിലൊരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണ്. തനിക്കോ സര്‍ക്കാരിനോ എന്‍ എസ് എസുമായി ഒരു പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *