പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് നാലാം ജയം. ഏഴ് വിക്കറ്റിനാണ് ബംഗ്ലാ ദേശിനെ തോല്‍പ്പിച്ചത്. 257 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 41.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശിന്‍റേത് ബാറ്റ് ചെയ്യാനുള്ള തീരുമാനമായിരുന്നു. ആദ്യ അഞ്ച് ഓവറില്‍ 10 റണ്‍സ് മാത്രമാണ് ബംഗ്ലാദേശ് സ്കോര്‍ ചെയ്തത്. എന്നാല്‍ പിന്നീട് ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ അടിച്ചു തകര്‍ത്തു.
ആദ്യ വിക്കറ്റില്‍ ബംഗ്ലാദേശ് 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 51 റണ്‍സെടുത്ത തന്‍സീദ് ഹസ്സനാണ് ആദ്യം പുറത്താകുന്നത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടേയിരുന്നു. നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ എട്ടും മെഹിദി ഹസ്സന്‍ മൂന്നും റണ്‍സെടുത്ത് വേഗത്തില്‍ മടങ്ങി. പിന്നാലെ 66 റണ്‍സുമായി ലിട്ടണ്‍ ദാസും ഡഗ് ഔട്ടിലെത്തി. മുഷ്ഫിക്കര്‍ റഹീമിന്‍റെയും മഹ്മദുള്ളയുടെയും ചെറുത്ത് നില്‍പ്പ് ബംഗ്ലാദേശ് സ്കോര്‍ എട്ടിന് 256ലേക്ക് എത്തിച്ചു. റഹീം 38ഉം മഹ്മദുള്ള 46ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അനായാസം വിജയത്തിലേക്ക് നീങ്ങി. രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലിനും ബംഗ്ലാദേശ് ബൗളര്‍മാര്‍ വെല്ലുവിളി ആയതേയില്ല. രോഹിത് ശര്‍മ്മ 48ഉം ഗുഭ്മാന്‍ ഗില്‍ 52ഉം റണ്‍സെടുത്തു. ഇരുവരും പുറത്തായെങ്കിലും വിരാട് കോഹ്ലിയെ തടയാന്‍ ആകുമായിരുന്നില്ല. ഇടയ്ക്ക് 18 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റെടുക്കാന്‍ ബം?ഗ്ലാദേശിന് കഴിഞ്ഞു.41.3 ഓവറില്‍ കോഹ്ലിയുടെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയവും പൂര്‍ത്തിയായി. 97 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതമാണ് കോഹ്ലിയുടെ സെഞ്ച്വറി. ഇന്ത്യ വിജയതീരം അണയുമ്പോള്‍ വിരാട് കോഹ്ലി പുറത്താകാതെ 103 റണ്‍സ് നേടി. 34 റണ്‍സെടുത്ത കെ എല്‍ രാഹുലും പുറത്താകാതെ നിന്നു.
