ന്യൂഡല്‍ഹി: ഹ്യുണ്ടായ് കമ്പനിയുടെ പാകിസ്ഥാന് ട്വിറ്റര്‍ അക്കൗണ്ടില്‍ കാശ്മീര്‍ വിരുദ്ധ പ്രസ്താവന വന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയ.പാകിസ്ഥാന് വിതരണക്കാരന്റെ നടപടി തങ്ങളുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യയിലെ ജനങ്ങളോടുള്ള ആത്മബന്ധം തുടരുമെന്നും കൊറിയന്‍ കമ്ബനിയായ ഹ്യുണ്ടായിയും വ്യക്തമാക്കി.
കൊറിയന്‍ അംബാസിഡറെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി ചുംഗ് യൂയി യോംഗ് വിദേശകാര്യ മന്ത്രി എസ്.
ജയശങ്കറിനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചത്. സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമില്‍ വന്ന പോസ്റ്റിലൂടെ ഇന്ത്യന്‍ ജനതയ്ക്കും സര്‍ക്കാരിനുമുണ്ടായ ബുദ്ധിമുട്ടില്‍ ചുംഗ് യൂയി ഖേദം പ്രകടിപ്പിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഹ്യുണ്ടായ് പാകിസ്ഥാന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ കാശ്മീര്‍ വിരുദ്ധ പ്രസ്താവനയില്‍ കടുത്ത നീരസം പ്രകടിപ്പിച്ച ഇന്ത്യ ദക്ഷിണ കൊറിയന്‍ അംബാസിഡര്‍ ചാംഗ് ജായ് ബോക്കിനെ വിളിപ്പിച്ച് അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹ്യുണ്ടായ് കമ്പനി നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ വിഷയം കടുപ്പിക്കുന്നുവെന്ന് വ്യക്തമായതോടെയാണ് കൊറിയന്‍ വിദേശകാര്യ മന്ത്രിയുടെ ഇടപെടല്‍.