പാലക്കാട്: കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഗ്നേഷ് എന്നിവരാണ് കൊക്കയിലേക്ക് വാഹനം മറിഞ്ഞ് മരിച്ചത്. പരുക്കേറ്റ മൂന്നു പേര്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവര്‍ക്ക് ഡല്‍ഹിയില്‍ ചികിത്സ നല്‍കും.
മന്ത്രി എം.ബി.രാജേഷിനാണ് ഏകോപന ചുമതല. നോര്‍ക്കാ റൂട്ട് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് സംഭവസ്ഥലത്തേക്ക് തിരിച്ചു.
ശ്രീനഗര്‍-ലേ ഹൈവേയിലെ സോജില ചുരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സോനാമാര്‍ഗിലെ പി.എച്ച്.സിയില്‍ എത്തിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്കിംസ് സൗരയിലേക്ക് മാറ്റുകയും ചെയ്തു. ഡ്രൈവറടക്കം എട്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. റോഡില്‍ മഞ്ഞ് വീണ് വാഹനം തെന്നിയതാണ് അപകടകാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കശ്മീരിലേക്ക് വിനോദയാത്രക്കായി പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ ശ്രീനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ട് കാറുകളിലായി 13 അംഗ സംഘമാണ് വിനോദ യാത്രയ്ക്ക് പോയത്. ഇതിലൊരു കാറാണ് അപകടത്തില്‍പ്പെട്ടത്.