കൊച്ചി : സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്‍റെ വാദം സത്യമല്ലെന്ന് ക്രൈംബ്രാഞ്ച്.തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വെളിപ്പെടുത്തിയത്.ഈമാസം ഒമ്പതിന് ചോദ്യം ചെയ്തപ്പോഴാണ് കാവ്യ ഈ നമ്പര്‍ ഉപയോഗിച്ചിട്ടില്ലെന്നു പറഞ്ഞത്. എന്നാല്‍, ദിലീപുമായുള്ള വിവാഹത്തിനുമുമ്പ് ഈ നമ്പരില്‍നിന്നാണ് ദിലീപിനെ കാവ്യ വിളിച്ചിരുന്നത്. നമ്പര്‍ കാവ്യയുടേതാണെന്ന തെളിവ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ രജിസ്റ്ററില്‍നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചു.
കാവ്യയുടെ അമ്മ ശ്യാമളാ മാധവന്‍റെ പേരിലാണ് സിം കാര്‍ഡ് എടുത്തിരിക്കുന്നത്. ഇക്കാര്യം മൊബൈല്‍ സേവനദാതാക്കളില്‍നിന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. കാവ്യാ മാധവന്‍റെ ഡ്രൈവറായി പള്‍സര്‍ സുനി ജോലി ചെയ്തതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇതെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു.ബാലചന്ദ്രകുമാറിന് ദിലീപുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ചുവന്ന മാരുതി സ്വിഫ്റ്റ് കാറില്‍ ബാലചന്ദ്രകുമാര്‍, ദിലീപിന്‍റെ സഹോദരന്‍ അനൂപിനും സഹോദരീഭര്‍ത്താവ് സുരാജിനുമൊപ്പം യാത്ര ചെയ്തതിന്‍റെ ചിത്രങ്ങളും കിട്ടി. ഈ കാര്‍ ദിലീപിന്‍റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പം എടുത്ത സെല്‍ഫിയും ലഭിച്ചു. 2016 ഡിസംബര്‍ ഇരുപത്താറിനാണ് ദിലീപിന്‍റെ വീടായ ‘പത്മസരോവര’ത്തില്‍വച്ച് ഈ ഫോട്ടോ എടുത്തത്. ഈ ദിവസം ബാലചന്ദ്രകുമാര്‍ തന്‍റെ വീട്ടില്‍ വന്നിട്ടില്ലെന്നാണ് ദിലീപ് ചോദ്യംചെയ്യലില്‍ പറഞ്ഞത്. അതേദിവസമാണ് ബാലചന്ദ്രകുമാര്‍, പള്‍സര്‍ സുനിയെ ദിലീപിന്‍റെ വീട്ടില്‍ കണ്ടതെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന് ‘പത്മസരോവര’ത്തില്‍ സര്‍വസ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവാണ് ഈ ചിത്രങ്ങളെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ പറഞ്ഞു.