മോണ്‍ട്രിയല്‍: കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികള്‍ അതിരുവിട്ടു.ഇതോടെ തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ട്രക്ക് ഡ്രൈവര്‍മാരുടെ നേതൃത്വത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം ആരംഭിച്ചത്.സമരക്കാര്‍ സിറ്റി സെന്‍റര്‍ തടഞ്ഞതോടെയാണ് ഒട്ടാവ മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനുവരി 29ന് ആണ് പ്രതിഷേധക്കാര്‍ ആദ്യമായി തലസ്ഥാനത്തേക്ക് എത്തിയത്. നഗരത്തിന്‍റെ തെരുവുകളില്‍ വലിയ ട്രക്കുകളും മറ്റു വാഹനങ്ങളും നിരത്തിയിട്ടുകൊണ്ടായിരുന്നു പ്രതിഷേധത്തിന്‍റെ തുടക്കം.സമരക്കാര്‍ താത്കാലിക കുടിലുകളും ടെന്‍റുകളും നഗരത്തില്‍ സ്ഥാപിച്ചു സമരം ശക്തമാക്കുകയായിരുന്നു. നഗരത്തെ സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരക്കാരുടെ അപ്രതീക്ഷിത നീക്കം അധികൃതരെ ഞെട്ടിച്ചു.മേയര്‍ ജിം വാട്സനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിലവിലെ പ്രകടനങ്ങള്‍ നിവാസികളുടെ സുരക്ഷയ്ക്കു ഗുരുതരമായ ഭീഷണിയാണ്.
അതുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നു പ്രസ്താവന പറ!യുന്നു. പോലീസ് ഓഫീസര്‍മാരേക്കാള്‍ കൂടുതല്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ അവരെ നിയന്ത്രിക്കാനും കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.യുഎസ്-കനേഡിയന്‍ അതിര്‍ത്തി കടക്കണമെങ്കില്‍ വാക്സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന നിലവില്‍ വന്നതോടെയാണ് ട്രക്കര്‍മാരുടെ പ്രതിഷേധം ആരംഭിച്ചത്. വൈകാതെ കോവിഡ് 19 ആരോഗ്യ നിയന്ത്രണങ്ങള്‍ക്കും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിനുമെതിരായ വിശാലമായ പ്രതിഷേധമായി ഇതു രൂപപ്പെട്ടു.എയര്‍ ഹോണുകള്‍ നിര്‍ത്താതെ മുഴക്കിയുള്ള ട്രക്ക് ഡ്രൈവര്‍മാരുടെ സമരം തദ്ദേശ വാസികള്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിച്ചിരിക്കുന്നതെന്നു പ്രദേശ വാസികള്‍ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നാണ് ട്രക്കര്‍മാരും അവരെ പിന്തുണയ്ക്കുന്നവരും പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ബല പ്രയോഗത്തിലൂടെയാണെങ്കിലും സമരക്കാരെ നീക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.