കാല്‍മുട്ടിന് പരിക്ക്; മലയാളി ലോങ് ജമ്പ്താരം മുരളി ശ്രീശങ്കര്‍ ഒളിമ്പിക്സിനില്ല

Latest News Sports

ന്യൂഡല്‍ഹി : പരിശീലനത്തിനിടെ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കര്‍ ഒളിമ്പ്ിക്സില്‍നിന്ന് പുറത്ത്.ചൊവ്വാഴ്ച പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റെന്നും തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ശസ്ത്രക്രിയ വേണമെന്ന് ബോധ്യമായതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞാന്‍ എന്തിന് വേണ്ടിയാണോ കാത്തിരുന്നത് അതില്‍നിന്ന് പുറത്താവുകയാണെന്നും പാരിസ് ഒളിമ്പിക്സ് സ്വപ്നം അവസാനിച്ചെന്നും താരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ജീവിതം വിചിത്രമായ തിരക്കഥകള്‍ എഴുതുകയാണ്. തിരിച്ചടികള്‍ സ്വീകരിച്ച് മുന്നോട്ടുപോകും. ഇനി തിരിച്ചുവരവിലേക്കുള്ള യാത്രയാണ്. ഇവയെല്ലാം തരണം ചെയ്യുമെന്നും ശ്രീശങ്കര്‍ പറഞ്ഞു. കായിക പ്രേമികളുടെ പ്രാര്‍ഥനയും സ്നേഹവും പോസിറ്റിവ് എനര്‍ജിയും തേടുന്നുവെന്നും പാലക്കാട് സ്വദേശിയായ താരം കൂട്ടിച്ചേര്‍ത്തു.
2023 ജൂലൈയില്‍ ബാങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 8.37 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ഒളിമ്പിക്സിന് യോഗ്യത നേടിയത്. താരത്തിന്‍റെ കരിയറിലെ രണ്ടാമത്തെ ദൂരം താണ്ടി അന്ന് വെള്ളി മെഡല്‍ സ്വന്തമാക്കുകയും ചെയ്തു. മറ്റൊരു ലോങ് ജമ്പ് താരം ജെസ്വിന്‍ ആല്‍ഡ്രിന് ഒളിമ്പിക്സ് യോഗ്യത ദൂരം പിന്നിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
പാരിസിന് ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റായിരുന്നു ശ്രീശങ്കര്‍. ലോക റാങ്കിങ്ങില്‍ ഏഴാംസ്ഥാനത്തുള്ള താരം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൂടിയായിരുന്നു. പാരിസ് ഡയമണ്ട് ലീഗ് മീറ്റില്‍ ലോങ്ജമ്പില്‍ മൂന്നാം സ്ഥാനം നേടിയ ശ്രീശങ്കര്‍, മീറ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമായിരുന്നു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളിയും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *