വാഷിങ്ടണ്‍: യു.എസ് ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥ വെര്‍ച്വല്‍ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പ്രസിഡന്റ് ജോ ബൈഡന്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എന്നിവര്‍ ഉള്‍പ്പെടെ 40 ലോകനേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.ദക്ഷിണേഷ്യയില്‍നിന്ന് മോദിയെ കൂടാതെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ഭൂട്ടാന് പ്രധാനമന്ത്രി ലോദെ ഷെരിങ് എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. ഏപ്രില്‍ 22ന് ഭൗമദിനത്തില്‍ ആരംഭിക്കുന്ന ഉച്ചകോടി രണ്ടുദിവസം നീളും. 2030ഓടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍െറ അളവ് കുറക്കുകയെന്ന യു.എസ് ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഉച്ചകോടി.2050 ഓടെ ലോകത്തെ കാര്‍ബണ്‍ രഹിതമാക്കുന്നതിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാര മാര്‍ഗങ്ങളാണ് ഉച്ചകോടി തേടുന്നത്. ഇതിനായി ലോകരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതുള്‍പ്പെടെ സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാവുമെന്നാണ് സൂചന.കോവിഡ് വ്യാപന സാഹചര്യത്തിലാണ് ഉച്ചകോടി ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. നവംബറില്‍ ഗ്ലാസ്ഗോയില്‍ നടക്കുന്ന യു.എന്‍ കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്കു മുന്നോടിയായുള്ള പ്രധാന ചുവടുവെപ്പായിരിക്കും വെര്‍ച്വല്‍ ഉച്ചകോടിയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
