കാലാവസ്ഥാ ഉച്ചകോടിക്കു തുടക്കം

Latest News World

വാഷിംഗ്ടണ്‍: 40 രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ ഭൗമദിന കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കമായി. 2030 ഓടെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം യുഎസ് 52 ശതമാനം കുറയ്ക്കുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ ഉച്ചകോടി. ഈ ആപത് ഘട്ടം ഒരു അവസരമായി കണക്കാക്കണം. ഇതു നമുക്ക് മികച്ച ഭാവി പ്രദാനം ചെയ്യും ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ മലിനീകരണത്തോതു കുറയ്ക്കുക എന്നത് ബൈഡന്‍ ഭരണകൂടത്തിന്‍റെ പ്രഖ്യാപിത നയമാണ്.2030 ഓടെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം 52 ശതമാനം കുറയ്ക്കുമെന്നും ഡോണള്‍ഡ് ട്രംപ് നാലുവര്‍ഷം മുമ്പു പിന്‍മാറിയ ആഗോള കാലാവസ്ഥ പ്രവര്‍ത്തനങ്ങളില്‍ യുഎസ് തരികെ എത്തിയെന്നും ബൈഡന്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ആഗോളതലത്തില്‍ അതിവേഗത്തിലും വലിയ തോതിലുമുള്ള നടപടി വേണമെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ദശാബ്ദം കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ഡെക്കേഡ് ഓഫ് ആക്ഷന്‍ ആക്കണമെന്നു മോദി നിര്‍ദേശിച്ചു. കാര്‍ബണ്‍ പുറംതള്ളല്‍ 46 ശതമാനം കുറയ്ക്കുമെന്ന് കാലാവസ്ഥാ ഉച്ചകോടിക്കു മുമ്പായി ജപ്പാന്‍ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ വന്‍ കല്‍ക്കരി ഉപയോക്താവാണ് ജപ്പാന്‍. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും സംയുക്തമായി ഉച്ചകോടിക്ക് തുടക്കം കുറിച്ചു. ഇന്ത്യ, ചൈന, റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍, ഏഷ്യന്‍യൂറോപ്യന്‍ സഖ്യ രാജ്യങ്ങള്‍ എന്നിവയിലെ ഭരണാധികാരികളും ഫ്രാന്‍സിസ് മാര്‍പാപ്പയും ഉച്ചകോടിയില്‍ സംബന്ധിച്ചു. കാലാവസ്ഥാ സംരക്ഷണത്തില്‍ ദരിദ്ര രാജ്യങ്ങളുടെ പങ്കിനെക്കുറിച്ചും ആഗോളതാപനത്തില്‍ അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും ഉച്ചകോടിയുടെ അവ സാന ദിവസമായ ഇന്ന് ചര്‍ച്ച നടത്തും.
അമേരിക്കയും ജപ്പാനും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചതിനാല്‍ മറ്റു രാജ്യങ്ങളും പരമ്പരാഗത ഇന്ധനോപയോഗത്തില്‍ ഗണ്യമായ കുറവ് വരുത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *