ക്വലാലംപുര്‍: മലേഷ്യയില്‍ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിനും ബൈക്കിനും മുകളിലേക്ക് സ്വകാര്യ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര്‍ കൊല്ലപ്പെട്ടു.ക്വല ലംപുരിന് സമീപത്തുള്ള സെലാംഗോര്‍ സുല്‍ത്താന്‍ അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ(പ്രാദേശിക സമയം) ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ആറ് സീറ്റര്‍ ബീച്ച്ക്രാഫ്റ്റ് മോഡല്‍ വിമാനം സമീപത്തുള്ള റോഡിലേക്ക് പതിച്ചത്.എല്‍മിനാ ടൗണ്‍ഷിപ്പിന് സമീപത്തുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. മരിച്ചവരില്‍ വിമാനത്തിലെ ആറ് യാത്രികരും രണ്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ജെറ്റിന് അനുമതി നല്‍കിയിരുന്നതായും വിമാനത്തില്‍ നിന്ന് അപായസന്ദേശമൊന്നും ലഭിച്ചിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.