പീരുമേട്: ദേശീയപാത 183ല്‍ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കോട്ടയം-കുമളി റോഡില്‍ കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം കടുവാപ്പാറയില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം.
തിരുവനന്തപുരം ആറ്റിങ്ങല്‍ പാറപ്പറമ്പില്‍ ഭദ്ര (18), സിന്ധു (45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. ആദിദേവ് (21), മഞ്ജു (43), ഷിബു (45) എന്നിവരെ ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും ബന്ധുക്കളാണ്.വിനോദസഞ്ചാരത്തിനെത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് വാഹനം മറിഞ്ഞത്. ഹ്യുണ്ടായ് ഇയോണ്‍ കാറാണ് അപകടത്തില്‍പെട്ടത്. പിന്നാലെയെത്തിയ സ്വകാര്യ ബസ് ജീവനക്കാരാണ് അപകടം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിച്ചു.ബസിലുള്ളവര്‍ ഇറങ്ങിനോക്കിയെങ്കിലും അഗാധമായ കൊക്കയില്‍ പതിച്ച കാര്‍ കാണാന്‍ സാധിച്ചില്ല.
ഹൈവേ പൊലീസ്, പീരുമേട്ടിലെ അഗ്നിരക്ഷാസേന, പെരുവന്താനം പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒരു മണിക്കൂറിനു ശേഷമാണ് കൊക്കയില്‍നിന്ന് പരിക്കേറ്റവരെ റോഡിലെത്തിച്ചത്. ആഴമേറിയ കൊക്കയില്‍ രക്ഷാപ്രവര്‍ത്തനം ക്ലേശകരമായിരുന്നു.
പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ഏറെ പണിപ്പെട്ടു. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.