കാര്‍ഷിക പ്രക്ഷോഭത്തിന്
ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി

India Latest News

ന്യൂ ഡല്‍ഹി: ഇടവേളക്കു ശേഷം കര്‍ഷക സംഘടനകള്‍ വീണ്ടും സജീവമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വേറിട്ട ഐക്യദാര്‍ഢ്യം. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി നഗരമധ്യത്തിലൂടെ ട്രാക്ടറിലേറി യാത്ര ചെയ്താണ് രാഹുല്‍ പാര്‍ലമെന്‍റിലെത്തിയത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരായ ദീപേന്ദര്‍ ഹൂഡ, രവ്നീത് സിങ് ബിട്ടു, പ്രതാപ് സിങ് ബജ്വ എന്നിവര്‍ക്കൊപ്പമായിരുന്നു വിജയ് ചൗക് വഴി ട്രാക്ടര്‍ യാത്ര.
എം.പിമാര്‍ ‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക’, ‘കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കുക’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. ട്രാക്ടറിന്‍റെ മുന്നിലും ഇതേ ആവശ്യവുമായി കൂറ്റന്‍ ബാനര്‍ തൂക്കി. എന്‍95 മാസ്കണിഞ്ഞ് ഡ്രൈവറുടെ സീറ്റിലിരുന്ന രാഹുല്‍ മറ്റു എം.പിമാരുമായി ആശയങ്ങള്‍ പങ്കുവെച്ചും ട്രാക്ടര്‍ ഓടിച്ചുമായിരുന്നു യാത്ര.അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദങ്ങള്‍ പാര്‍ലമെന്‍റിലെത്തിക്കാനായിരുന്നു യാത്രയെന്ന് രാഹുല്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കഴിഞ്ഞ ആഴ്ച ആരംഭിച്ച പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തില്‍ കാര്‍ഷിക വിഷയങ്ങള്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍ക്കെതിരെയും പെഗസസ് ചാരപ്പണിക്കെതിരെയും പ്രതിഷേധക്കാര്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *