കാര്‍ഷിക നിയമങ്ങള്‍ക്കു സുപ്രീംകോടതി സ്റ്റേ

India

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്നു വിവാദ കാര്‍ഷി ക നിയമങ്ങള്‍ നടപ്പാക്കുന്നതു സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് സ്റ്റേ. പ്രശ്നങ്ങള്‍ പഠിക്കാന്‍ കര്‍ഷക സംഘടനാ നേതാവ്, അഗ്രിക്കള്‍ച്ചറല്‍ ഇക്കോണമിസ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തി നാലംഗ സമിതിക്കും കോടതി രൂപം നല്‍കി.
കര്‍ഷകര്‍ക്ക് നിലവില്‍ ലഭ്യമാക്കുന്ന മിനിമം താങ്ങുവില സമ്പ്രദായത്തിനു തടസമുണ്ടാക്കരുതെന്നു നിര്‍ദേശിച്ച കോടതി, കാര്‍ഷിക നിയമം നടപ്പിലാക്കിയതിന്‍റെ പേരില്‍ ഏതെങ്കിലും കര്‍ഷകരുടെ ഭൂമിവിഷയത്തില്‍ നടപടികളുണ്ടാകരുതെന്നും ഉത്തരവിട്ടു. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനുമാണ് കോടതി പ്രാധാന്യം നല്‍കുന്നതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സമിതിക്കു മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. ഏതെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിക്കുകയുമില്ല. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്കു മുമ്പാകെ ആയിരിക്കുമെന്നും ചീഫ് ജസ്റ്റീസ് വിശദമാക്കി.
ഒന്നര മാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നിരാശാജനകമെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, പ്രശ്നപരിഹാരത്തിനായി ഒരു സമിതിയെ നിയോഗിക്കുമെന്നു തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. നിയമം താത്കാലികമായി റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങള്‍ക്കുണ്ട്. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. സമിതിയുമായി സഹകരിക്കുമെന്ന് കര്‍ഷക സംഘടനകളുടെ അഭിഭാഷകര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *