കാര്‍ഷികവൃത്തിയിലൂടെ ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമാകണം :മന്ത്രി എ.കെ ശശീന്ദ്രന്‍

Top News

കോഴിക്കോട് : കാര്‍ഷികവൃത്തിയിലൂടെ ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമാകണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.നടയകം അരിയുടെ വിപണനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തിക്കോടി പഞ്ചായത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ കതിരണി പദ്ധതിയില്‍ പുറക്കാട് നടയകം പാടശേഖരത്തില്‍ കൃഷിചെയ്ത നെല്ലാണ് നടയകം എന്ന പേരില്‍ അരിയാക്കി ഇറക്കിയത്. 25 ശതമാനം തവിട് കളഞ്ഞ ഗുണമേന്മയുള്ള നാടന്‍ പുഴുങ്ങലരി പഞ്ചായത്തിന്‍റെ സഹകരണത്തോടെ നടയകം പാടശേഖര സമിതിയാണ് വിപണിയിലെത്തിച്ചത്.
കിലോഗ്രാമിന് 80 രൂപയാണ് വില. ഒന്നേകാല്‍, രണ്ട്, രണ്ടര, അഞ്ച് കിലോ പാക്കറ്റുകളില്‍ പുറക്കാടുള്ള പാടശേഖര സമിതിയുടെ യൂണിറ്റിലും ഓണചന്തയിലും അരി ലഭ്യമാകും.
നടയകം അരിയുടെ ആദ്യവില്‍പ്പന മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു. നടയകം അരിയുടെയും പാടശേഖര സമിതിയുടെയും ലോഗോ പ്രകാശനം എം.പി ഷിബു നിര്‍വഹിച്ചു.
കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് രാമചന്ദ്രന്‍ കുയ്യണ്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യന്‍, ആര്‍ വിശ്വന്‍, തിക്കോടി പഞ്ചായത്തംഗങ്ങള്‍, എഡിഎ അനിത, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ഡി മീന, കൃഷി ഓഫീസര്‍ പി സൗമ്യ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജമീല സമദ് സ്വാഗതവും നടയകം പാടശേഖര സമിതി അംഗം സുകുമാരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *