ന്യൂഡല്‍ഹി: ജീവിതത്തിന്റെ എല്ലാ തുറകളിലുമെന്നപോലെ കാര്‍ഷികരംഗത്തും ആധുനികത അനിവാര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധുനികതയ്ക്കു വഴിയൊരുക്കി കൊടുത്തില്ലെങ്കില്‍ ജീവിതം ഭാരമായിത്തീരുമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ മോദി പറഞ്ഞു.
കാര്‍ഷികമേഖലയില്‍ പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പരമ്പരാഗത കൃഷിയോടൊപ്പം പുതിയ പുതിയ രീതികളും സ്വായത്തമാക്കേണ് ത് അത്യാവശ്യമാണ്. ധവള വിപ്ലവത്തിന്റെ സമയത്തു നമ്മളിതു മനസിലാക്കിയതാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച കാര്യവും മോദി അനുസ്മരിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ മാര്‍ച്ച് മാസത്തിലാണ് രാജ്യത്തെ ജനങ്ങള്‍ ആദ്യമായി ജനതാ കര്‍ഫ്യൂ എന്ന വാക്ക് കേട്ടത്. ജനതാ കര്‍ഫ്യൂ ലോകത്തിനു മുഴുവന്‍ ഒരു ആശ്ചര്യമായിരുന്നു. അച്ചടക്കത്തിന്റെ അത്ഭുതകരമായ ഒരു ഉദാഹരണമായിരുന്നു അത്. വരുംതലമുറ തീര്‍ച്ചയായും ഇക്കാര്യത്തില്‍ അഭിമാനിക്കുക തന്നെ ചെയ്യും. അതുപോലെ തന്നെ നമ്മുടെ കൊറോണ പോരാളികളെ ആദരിക്കുന്നതിനു വേണ്ടി പാത്രം കൊട്ടുക, കൈ കൊട്ടുക, ദീപം തെളിയിക്കുക തുടങ്ങിയവയും.
രാജ്യത്തെ ഓരോ പൗരന്റെയും ജീവന് രക്ഷിക്കാന്‍ വേണ്ടി കഠിനമായി മല്ലിട്ടുകൊണ്ടാണിരിക്കുന്നത്. കൊറോണ വാക്സിന് എപ്പോള്‍ വരും എന്നതായിരുന്നു കഴിഞ്ഞവര്‍ഷം ഇതേ സമയത്തെ ചോദ്യം. ഇന്ന് ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് പരിപാടി നടന്നുവരികയാണ് എന്നത് നമുക്ക് അഭിമാനിക്കാം മോദി പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ അര്‍പ്പിച്ചതിനൊപ്പം മലയാളികള്‍ക്ക് വിഷുവും പ്രധാനമന്ത്രി ആശംസിച്ചു. ഏപ്രില്‍ നാലിന് രാജ്യം ഈസ്റ്റര്‍ ആഘോഷിക്കും. യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉത്സവമായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. പ്രതീകാത്മകമായി പറഞ്ഞാല്‍ ഈസ്റ്ററും ജീവിതത്തിലെ പുതിയ തുടക്കവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈസ്റ്റര്‍, പ്രതീക്ഷകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാകുന്നു. ഈയവസരത്തില്‍ ഭാരതത്തിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹത്തിന് ആശംസകള്‍ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
