ന്യൂഡല്‍ഹി : വിസ കോഴക്കേസില്‍ കാര്‍ത്തി ചിദംബരത്തിനെ സി ബി ഐ ചോദ്യം ചെയ്തു. ചൈനീസ് പൗരന്മാര്‍ക്ക് കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചു നല്‍കിയ കേസിലാണ് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്തത്.ഈ കേസുമായി ബന്ധപ്പെട്ട് പി.ചിദംബരത്തിന്‍റെയും കാര്‍ത്തി ചിദംബരത്തിന്‍റെയും വീടുകളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാനാണ് സിബിഐയുടെ നിര്‍ദേശം.അതേസമയം, കേസില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ അറസ്റ്റ് കോടതി തടഞ്ഞു. ദില്ലിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഇടക്കാല സംരക്ഷണം നല്‍കിയത്. മെയ് 30 വരെ ഇടക്കാല സംരക്ഷണം അനുവദിച്ചിട്ടുണ്ട്. 2010 മുതല്‍ 2014 കാലയളവില്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളിലാണ് സിബിഐ ഉന്നമിടുന്നത്. പഞ്ചാബിലെ മാനസയിലെ താപവൈദ്യുതി നിലയത്തിന്‍റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ചൈനയില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് വീസ നല്‍കാനും നിലവിലുള്ളവര്‍ക്ക് വീസ നീട്ടാനും കരാര്‍ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു.
എന്നാല്‍ ഇതില്‍ തടസം നേരിട്ടതോടെ കാര്‍ത്തി ചിദംബരം വഴി ഇടപെടലിന് കമ്പനി നീക്കം നടത്തി. ഇതിനായി 50 ലക്ഷം രൂപ കാര്‍ത്തിക്ക് നല്‍കിയെന്നാണ് സിബിഐ പറയുന്നത്. ഒരു മാസത്തിനുള്ളില്‍ 263 പേര്‍ക്ക് വീസയും ലഭിച്ചു. ചെന്നൈയിലെ ഇടനിലക്കാരന്‍ വഴി മുംബൈ കമ്പനിയുടെ പേരിലാണ് ഇടപാട് നടന്നതെന്നാണ് സിബിഐ പറയുന്നത്. കേസില്‍ കാര്‍ത്തിയുടെ വിശ്വസ്തന്‍ ഭാസ്ക്കര്‍ രാമന്‍ അടക്കം അഞ്ച് പേര്‍ പ്രതികളാണ്.