കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

Latest News

കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം സംഭവിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം.
ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്.ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്സ് വീക്കിലിയില്‍ പരിശീലനം നേടിയ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളാണ് യേശുദാസന്‍. വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകളുടെ മാത്രം പ്രത്യേകതയാണ്.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനാണ്. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്‍റെ രചയിതാവ്. മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു. കേരള ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു. ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാലയുഗം, മലയാള മനോരമ, കട്ട്കട്ട്, അസാധു എന്നിവയില്‍ പ്രവര്‍ത്തിച്ചു.
കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. യേശുദാസന്‍റെ നിര്യാണത്തിലൂടെ കാര്‍ട്ടൂണ്‍് മേഖലയിലെ അതുല്യ പ്രതിഭയെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.തന്‍റെ വരകളില്‍ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല നിര്‍ഭയം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക കൂടിയാണ് യേശുദാസന്‍് ചെയ്തത്. സമഗ്ര സംഭാവനക്കുള്ള കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത് സാമൂഹ്യ പ്രതിബദ്ധതയുള്ള സമ്പൂര്‍ണ്ണ മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം എന്നതിനുള്ള അംഗീകാരമായാണ്. യേശുദാസന്‍റെ വരകളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് കേരള രാഷ്ടീയ ചരിത്രം വായിച്ചെടുക്കാനാകും. നര്‍്മ്മബോധത്തിലും അത് വരകളിലേക്ക് പകര്‍ത്തുന്നതിലും അസാധാരണമായ പ്രതിഭാ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *