തിരുവനന്തപുരം: കാര്‍ഷിക-ജലസേചന മേഖലകളില്‍ സൗരോര്‍ജ അധിഷ്ഠിത ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ പര്യവേക്ഷണം ചെയ്തുകൊണ്ട് സാമ്പ്രദായിക രീതികള്‍ മാറ്റാന്‍ ശ്രമം തുടങ്ങിയതായി മന്ത്രി പി.പ്രസാദ്. അസര്‍ സോഷ്യല്‍ ഇംപാക്ട് അഡ്വൈസേഴ്സും കെഎസ്ഇബിയുടെ കീഴിലുള്ള എനര്‍ജി മാനേജ്മെന്റ് സെന്ററും (ഇഎംസി) സംയുക്തമായി സംഘടിപ്പിച്ച ‘കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ ഊര്‍ജ പരിവര്‍ത്തനം’ എന്ന ദ്വിദിന കണ്സള്ട്ടേഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കാലാവസ്ഥാ പ്രതിസന്ധിയെ അതിജീവിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനായി സുസ്ഥിര കൃഷിരീതികള്‍, ഉപജീവന വൈവിധ്യവല്‍ക്കരണം, വികേന്ദ്രീകൃത പുനരുപയോഗം, ഊര്‍ജ കാര്യക്ഷമത എന്നിവയിലേക്ക് കേരളം തുടക്കമിട്ടു. വലിയ അളവില്‍ പരമ്പരാഗത ഊര്‍ജം ആവശ്യമായി വരുന്ന നിലവിലുള്ള കൃഷിരീതികള്‍ ഘട്ടംഘട്ടമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാനം തുടക്കം കുറിച്ചു.
നിലമൊരുക്കല്‍, വിത്തുകള്‍ സംരക്ഷിക്കല്‍, ജലസേചനം, വിളവെടുപ്പ് എന്നിവയില്‍ പരമ്ബരാഗത ഊര്‍ജ്ജം ഉപയോഗിക്കുന്ന സമീപന രീതി കുറച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന കര്‍മ്മ പദ്ധതി തയാറാക്കും. സംസ്ഥാനത്ത് ഭക്ഷ്യ സംസ്കരണം, മൂല്യവര്‍ദ്ധന പ്രക്രിയകള്‍ എന്നിവയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവര്‍ത്തങ്ങളും പുനരുപയോഗ ഊര്‍ജത്തിന് കീഴില്‍ കൊണ്ടുവരും.ഫോസില്‍ ഇന്ധന ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള ദൃഢനിശ്ചയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫുഡ് പോളിസി അനലിസ്റ്റ് ദേവീന്ദര്‍ ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സുസ്ഥിര കാര്‍ഷിക കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.രാമഞ്ജനേയലു, അസര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനുത ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
