കാര്യവട്ടം ക്യാമ്പസില്‍ ഇ.എം. എസ് ഹാള്‍ തുറന്നു

Top News

തിരുവനന്തപുരം :കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇ.എം.എസ് ഹാളിന്‍റെ ഉദ്ഘാടനം മന്ത്രി ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. ഇ.എം. എസ് ഹാളിനു പുറമെ ട്രാന്‍സലേഷണല്‍ റിസര്‍ച്ച് ആന്‍റ് ഇന്നൊവേഷന്‍ സെന്‍റര്‍, ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ സ്റ്റഡി ആന്‍റ് റിസര്‍ച്ച്, എ ആര്‍ രാജരാജവര്‍മ്മ ട്രാന്‍സിലേഷന്‍ സ്റ്റഡിസെന്‍റര്‍ എന്നിവയുടെയും ഉദ്ഘാടനം നടന്നു.
നവകേരള സൃഷ്ടിക്കായി ജനപക്ഷ വൈഞ്ജാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള നടപടിയാണ് സംസ്ഥാന ഗവണ്‍മെന്‍റ് സ്വീകരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനവും അക്കാദമിക മേഖലയുടെ വിപുലീകരണവും ഉന്നതവിദ്യാഭ്യാസ രംഗത്ത് വേഗത്തില്‍ നടക്കുകയാണ്. രാജ്യത്തെ ആദ്യ പത്ത് സര്‍വ്വകലാശാലകളില്‍ കേരള സര്‍വ്വകലാശാല എത്തുക എന്നതാണ് ലക്ഷ്യം. വിവിധ റാങ്കിങ്ങില്‍ മുന്നേറ്റം നടത്തിയ കേരള സര്‍വ്വകലാശാല മികച്ച മാതൃകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്‍റെ പുരോഗമന മുന്നേറ്റവും, സാമ്പത്തിക വളര്‍ച്ചയും സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. മന്ത്രി പറഞ്ഞു.
പുതുതായി തുടങ്ങുന്ന സെന്‍റര്‍ ഫോര്‍ അക്കാദമിക് ആന്‍ഡ് പ്രൊഫഷണല്‍ ട്രെയിനിങ് സെന്‍ററും സുഗതകുമാരി സ്മൃതിവനവും ശ്രീനാരായണ സാഹിത്യത്തിന്‍റെ വിവരണാത്മക ഗ്രന്ഥ സൂചികയും വിദ്യാര്‍ത്ഥി സമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്. ഫിസിക്സ് പഠനവകുപ്പിന്‍റെ മൈക്രോവേവ് മെറ്റീരിയല്‍ ലബോറട്ടറി കെട്ടിട ഉദ്ഘാടനവും അയ്യപ്പണിക്കര്‍ സ്മാരക ഫോറിന്‍ ലാംഗ്വേജസ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *