തിരുവനന്തപുരം : ജനങ്ങളോട് പ്രതിജ്ഞാബദ്ധതയുള്ള സര്‍ക്കാര്‍ എന്ന നിലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമന പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകളും (2022) സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡുകളും (2021) തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വിതരണം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒന്നിച്ചുകൊണ്ടുപോയി സര്‍ഗാത്മകമായ നവകേരളം കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുനരുപയോഗ സാധ്യതയുള്ളതും മലിനീകരണം കുറഞ്ഞതുമായ സ്രോതസുകള്‍ ഉപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കുന്നത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ്. സൗരോര്‍ജ്ജ പദ്ധതികള്‍, ഇ-വാഹനങ്ങള്‍, ജല വൈദ്യുത പദ്ധതികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാവിയിലേക്കാണ്. 336 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളും 38.5 മെഗാവാട്ട് ജല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതികളുടെ പ്രവൃത്തി വേഗത്തില്‍ ആക്കും. എ.സി 26 ഡിഗ്രി താപനിലയില്‍ ക്രമീകരിക്കുന്നതിലൂടെയും സ്റ്റാര്‍ റേറ്റിംഗുള്ള മോട്ടോര്‍ പമ്പുകള്‍ ഉപയോഗിക്കുന്നതിലൂടെയും ഇ-വാഹനങ്ങളിലേക്ക് മാറുന്നത് വഴിയും നമുക്ക് ധാരാളം ഊര്‍ജ്ജം ലാഭിക്കാന്‍ കഴിയുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി.
കാര്‍ബോറണ്ടം യൂനിവേഴ്സല്‍ ലിമിറ്റഡ്, ഇലക്ട്രോ മിനറല്‍ ഡിവിഷന്‍ എറണാകുളം (വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍), ഒ.ഇ.എന്‍ ഇന്ത്യ ലിമിറ്റഡ് (ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍), റീഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍ ലിമിറ്റഡ് കൊല്ലം (ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍), കെ-ഡിസ്ക് (കെട്ടിടങ്ങള്‍), എസ്.എച്ച് കോളജ് തേവര (സംഘടനകള്‍/സ്ഥാപനങ്ങള്‍), ചില്‍ട്ടണ്‍ റഫ്രിജറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം (ഊര്‍ജ്ജകാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ പ്രമോട്ടര്‍മാര്‍) എന്നീ സ്ഥാപന പ്രതിനിധികള്‍ മുഖ്യമന്ത്രിയില്‍ നിന്നും ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ സ്വീകരിച്ചു. വിജയികള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ചടങ്ങില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു, ഡോ. ആര്‍.വി.ജി മേനോന്‍, ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.