ന്യൂഡല്‍ഹി : കായല്‍ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 10 കോടി രൂപ പിഴ ഈടാക്കി. വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണം തടയുന്നതിന് നടപടി എടുക്കാതിരുന്നതിനാണ് പിഴ.പിഴ തുക ഒരുമാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ ഉറപ്പ് വരുത്തുകയും ശുചീകരണത്തിനുള്ള കര്‍മ പരിപാടി ആരംഭിക്കുകയും ചെയ്യണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. ട്രൈബ്യുണല്‍ ചെയര്‍മാന്‍ ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് വിധി.രണ്ടു കായലുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതില്‍ അഞ്ചിരട്ടിയാണെന്ന് കണ്ടെത്തിയിരുന്നു. തണ്ണീര്‍ തടം കൂടിയായ കായലുകളുടെ ചുറ്റുമുള്ള മാലിന്യം സംസ്കരിക്കുന്നതില്‍ വീഴ്ച വരുത്തിയതായി ട്രൈബ്യുണല്‍ ചൂണ്ടിക്കാട്ടി . പരിസ്ഥിതി പ്രവര്‍ത്തകനായ കെ.വി ഹരിദാസ് സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.