കോയമ്പത്തൂര്‍ : കോയമ്പത്തൂരില്‍ കാര്‍ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തി.സ്ഫോടനം നടന്ന കോട്ട സംഗമേശ്വര ക്ഷേത്രത്തിലേക്കുള്ള വഴിയിലുമാണ് എന്‍ഐഎ പരിശോധന നടന്നത്. സ്ഫോടനം നേരില്‍ കണ്ടവരുടെ മൊഴികളും രേഖപ്പെടുത്തി.
കോയമ്പത്തൂര്‍ സ്ഫോടനം അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സി സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. എന്‍ഐഎ ചെന്നൈ യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ വിഘ്നേഷിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഫോടനത്തില്‍ കേടുപാട് പറ്റിയ ക്ഷേത്രത്തിന്‍റെ പരിസരം, ആല്‍മരത്തിന്‍റെ ചില്ലകള്‍ എന്നിവയെല്ലാം സംഘം പരിശോധിച്ചു. കൂടാതെ കൊല്ലപ്പെട്ട ജമീഷ മുബിന്‍ വാഹനവുമായി എത്തിയ ദിശ, വാഹനം നിര്‍ത്താന്‍ ഇടയായ സാഹചര്യം തുടങ്ങിയവയെല്ലാം സംഘം പരിശോധിച്ചു.സംഭവം നേരില്‍ കണ്ടവരുടെ മൊഴിയും എന്‍ഐഎ രേഖപ്പെടുത്തി. വ്യാഴാഴ്ച്യാണ് സ്ഫോടനത്തില്‍ എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൊല്ലപ്പെട്ട ജമീഷ് മുബിന്‍റെ വീട്ടില്‍ നിന്നും സ്ഫോടക വസ്ഥുക്കളും മതഗ്രന്ഥങ്ങളും കണ്ടെത്തിയതായി എഫ്ഐആറിലുണ്ട്. സ്ഫോടനത്തില്‍ അറിസ്റ്റിലായ പ്രതികളുടെ ഐഎസ് ബന്ധവും എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കോയമ്പ്ത്തൂരില്‍ സംഘ് പരിവാര്‍ പ്രഖ്യാപിച്ച ബന്ദ് ഒഴിവാക്കി.