കോഴിക്കോട്: പ്രമുഖ ഇസ്ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ (72) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെ ആയിരുന്നു അന്ത്യം.മര്‍കസ് വൈസ് പ്രിന്‍സിപ്പാളും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ആദ്യ ശിഷ്യനും ആണ്. മുസ്ലിം കര്‍മ്മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദനായ എ.പി മുഹമ്മദ് മുസ്ലിയാരുടെ പഠനങ്ങളും ഫത്വകളും പ്രഭാഷണങ്ങളും മുസ്ലിം സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനങ്ങള്‍ ചെലുത്തിയിരുന്നു.
പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950 ല്‍ കൊടുവള്ളിക്കടുത്ത കരുവന്‍പൊയിലില്‍ ആയിരുന്നു ജനനം. കഴിഞ്ഞ ഇരുപത് വര്‍ഷമായി മര്‍കസില്‍ പ്രധാന അധ്യാപകനും വൈസ് പ്രിന്‍സിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്.മക്കള്‍: അബ്ദുല്ല റഫീഖ്, അന്‍വര്‍ സ്വാദിഖ് സഖാഫി (ഡയറക്റാര്‍, അല്‍ ഖമര്‍), അന്‍സാര്‍, മുനീര്‍, ആരിഫ, തശ്രീഫ. മരുമക്കള്‍: ഇ.കെ. ഖാസിം അഹ്സനി, അബ്ദുല്‍ ജബ്ബാര്‍, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.