കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാനത്തില്‍ ജമീലയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. നന്മണ്ട ഡിവിഷനില്‍ നിന്നാണ് കാനത്തില്‍ ജമീല തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റായി എല്‍ജെഡിയിലെ എം.പി ശിവാനന്ദന് തെരഞ്ഞെടുക്കപ്പെട്ടു. അരിക്കുളം ഡിവിഷനില്‍ നിന്നാണ് ശിവാനന്ദന് വിജയിച്ചത്. എല്‍ജെഡി ജില്ലാ സെക്രട്ടറിയാണ്. ജില്ലാ കളക്ടര്‍ വി.സാംബശിവ റാവു വരണാധികാരിയായിരുന്നു.
27 ഡിവിഷനില്‍ 26 അംഗങ്ങളാണ് തെരെഞ്ഞെടുപ്പില്‍ പങ്കെടുത്തത്. 18 വോട്ട് നേടിയാണ് കാനത്തില്‍ ജമീല വിജയം ഉറപ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കാനത്തില്‍ ജമീലയെ മുക്കം മുഹമ്മദ് നിര്‍ദേശിക്കുകയും പി. ഗവാസ് പിന്താങ്ങുകയും ചെയ്തു. എതിര് സ്ഥാനാര്‍ഥിയായി നിന്നിരുന്ന യുഡിഎഫിലെ അംബിക മംഗലത്തിന് എട്ടു വോട്ടുകളാണ് കിട്ടിയത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി.എം ഷറഫുന്നിസ അംബിക മംഗലത്തിന്റെ പേര് നിര്‍ദ്ദേശിക്കുകയും എം. ധനീഷ് പിന്താങ്ങുകയും ചെയ്തു. കട്ടിപ്പാറ മുസ്ലിം ലീഗ് അംഗം റംസീന തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു . ഉച്ചയ്ക്ക് രണ്ടോടെ വൈസ് പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം.പി ശിവാനന്ദനെ ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കുമാര്‍ നിര്‍ദ്ദേശിക്കുകയും വിമല പിന്താങ്ങുകയും ചെയ്തു.
എതിരില്ലാതെ 18 വോട്ട് നേടി എം.പി. ശിവാനന്ദന് വിജയമുറപ്പിച്ചു. നാസര്‍ എസ്റ്റേറ്റ് മുക്ക് ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി . ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസറിനെ മെംബര്‍ ഐ.പി. രാജേഷ് നിര്‍ദേശിക്കുകയും മെംബര്‍ ദുല്‍ക്കിഫില്‍ പിന്താങ്ങുകയും ചെയ്തു. വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. എല്‍ജെഡി സംസ്ഥാനസമിതി അംഗവും ജില്ലാ ജനറല്‍സെക്രട്ടറിയുമായ എം.പി.ശിവാനന്ദന് മൂടാടി ഗ്രാമപഞ്ചായത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ്.
മന്ത്രി എ.കെ. ശശിന്ദ്രന്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു പാറശേരി, പി. മോഹനന്, കുഞ്ഞമ്മദ് കുട്ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.