കൊച്ചി: കാട്ടു പന്നികള്‍ ആളുകളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യ സംഭവമായതോടെ നടപടി എടുത്ത് സര്‍ക്കാര്‍. കാട്ടുപന്നി ആക്രമണത്തിന്റെ ഇരകള്‍ക്ക് വാഹനാപകട മാതൃകയില്‍ നഷ്ടപരിഹാരം നല്‍കുന്നത് ആലോചനയിലെന്ന് കൃഷിമന്ത്രി പി പ്രസാദ്.
വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നല്‍കേണ്ട സഹായത്തെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രി കര്‍ഷകര്‍ക്ക് എംഎസിടി മാതൃകയില്‍ നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അറിയിച്ചു. കാട്ടുപന്നി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കൃഷി മന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ കൃഷിയില്‍ ഉറച്ചു നില്‍ക്കണം, നിലവില്‍ കാട്ടുപന്നിയുടെ ആക്രമണം കാരണം കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്ന് കൃഷിമന്ത്രി സമ്മതിക്കുന്നു. വന്യജീവി ആക്രമണത്തിന് പരിഹാരം തേടി ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് കൃഷിമന്ത്രിയുടെ പ്രതികരണം. അതേസമയം സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണുന്നത് രാവിലെ പതിനൊന്നരയ്ക്കാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ചു കൊല്ലാന്‍ കഴിയും.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കുമാണ് ഇപ്പോള്‍ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാന്‍ നിയമപരമായി അവകാശം ഉള്ളത്.
