ഒറ്റപ്പാലം: കാട്ടുപന്നികളെ തുരത്തി വിയര്‍പ്പൊഴുക്കിയ കൃഷിയിടങ്ങളെ രക്ഷിക്കാനുള്ള പലവിധ ശ്രമങ്ങളിലാണ് കര്‍ഷകര്‍. കൊയ്ത്തുപാടങ്ങള്‍ മുതല്‍ കുലവന്ന വാഴത്തോട്ടം വരെ കാട്ടുപന്നികളിറങ്ങി നിരപ്പാക്കുകയാണ്. നെല്ല്, വാഴ,
ചേന, ചേമ്പ്, കൂര്‍ക്ക, കൂവ എന്നിങ്ങനെ കാട്ടുപന്നികള്‍ നശിപ്പിച്ച കാര്‍ഷിക വിള അനവധിയാണ്. പാടത്ത് പാടികെട്ടി രാത്രി കാവലിരുന്നിട്ടും കാട്ടുപന്നികള്‍ വിളവ് നശിപ്പിക്കുന്നത് തടയാനായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അറിയാവുന്ന നാട്ടുവിദ്യകള്‍ പലതും പയറ്റി. ഇപ്പോള്‍ പുതിയൊരു വിദ്യയാണ് പ്രയോഗത്തില്‍. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മേഖലയിലെ കൃഷിയിടങ്ങളില്‍ ഈ കാഴ്ച വ്യാപകമാണ്.
പാടവരമ്പില്‍ സ്ഥാപിച്ച കാറ്റില്‍ കറങ്ങുന്ന ഫാന്‍, അതില്‍ ഘടിപ്പിച്ച ചെറിയ ഷാഫ്റ്റുകള്‍, അവ സ്റ്റീല്‍ പാത്രത്തില്‍ തട്ടുമ്പോഴുള്ള തുടര്‍ച്ചയായ ശബ്ദം. ഈ ‘വാദ്യവിദ്യ’യില്‍ പന്നികള്‍ അകന്നുമാറുന്നതാണ് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നത്. മനിശ്ശീരിയിലെ ഒരു വര്‍ക്ക് ഷോപ്പുടമയാണ് ഈ വിദ്യ യാഥാര്‍ത്ഥ്യമാക്കി നല്‍കിയത്.
ഫെന്‍സിംഗ് കെട്ടി കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതും മറ്റും ചെലവേറിയതാണ്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ നിബന്ധനകളോടെ സര്‍ക്കാര്‍ നിയമം പുതുക്കി നല്കിയതും കര്‍ഷകര്‍ക്ക് ആശ്വാസമാണെങ്കിലും ഒട്ടേറെ തലവേദന പിടിച്ച പ്രവൃത്തിയാണ്. അതിനാല്‍ തന്നെ നാടന്‍ സാങ്കേതിക വിദ്യകൊണ്ട് പന്നികളെ അകറ്റാനുള്ള പരീക്ഷണത്തിലാണ് കര്‍ഷകര്‍.