കോട്ടയം: പത്തൊന്‍പതുകാരനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട കേസില്‍ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി.പുല്‍ച്ചാടി ലുദീഷ്, സുധീഷ്, കിരണ്‍, ഓട്ടോ ഡ്രൈവര്‍ ബിനു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരും അറസ്റ്റിലായി.നാല് പേരെയും ഇന്ന് മാങ്ങാനത്ത് എത്തിച്ച് തെളിവെടുക്കും.
വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. കേസിലെ മുഖ്യപ്രതി ജോമോനെ ഇന്നലെ മാങ്ങാനത്തെത്തിച്ച് തെളിവെടുത്തിരുന്നു.
ഇയാളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.കൊല്ലപ്പെട്ട ഷാനിനെ പുല്‍ച്ചാടി ലുദീഷാണ് കൂടുതല്‍ മര്‍ദ്ദിച്ചത്. ഷാനിന്‍റെ സുഹൃത്ത് സൂര്യന്‍ ലുദീഷിനെ മര്‍ദ്ദിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതിന് ഷാന്‍ ലൈക്കും കമന്‍റും ഇട്ടതാണ് കൊല്ലാന്‍ പ്രകോപനമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി