കവടിയാര്‍ കൊട്ടാരത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള 20 കോടിയുടെ വിഗ്രഹമെന്ന വ്യാജേന വില്‍പ്പനയ്ക്കു ശ്രമിച്ച സംഘം പിടിയില്‍

Top News

തൃശൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും 20 കോടി രൂപ മൂല്യമുള്ളതുമാണെന്ന് അവകാശപ്പെട്ട് വ്യാജ വിഗ്രഹം വില്‍പ്പന നടത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. പാവറട്ടി പാടൂരിലെ ആഡംബര വീട് കേന്ദ്രീകരിച്ച് വിഗ്രഹം വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം നൂറ്റാണ്ടുകള്‍ മുമ്പ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും മോഷണം പോയതാണെന്നും കല്‍പ്പറ്റ കോടതിയില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകള്‍ ഉണ്ടായിരുന്നു എന്നുമായിരുന്നു പ്രതികളുടെ അവകാശവാദം.
രണ്ടര കോടി രൂപ കോടതിയില്‍ കെട്ടിവെച്ചതിനുശേഷം വിട്ടുകിട്ടിയ വിഗ്രഹമാണെന്നും പറഞ്ഞിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും കൈവശം ഉണ്ടായിരുന്നു. പ്രതികളുടെ സംസാരത്തിലും ആധികാരികത തെളിയിക്കാനെന്ന വ്യാജേന തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റുകളിലും ആരും വീണുപോകുമായിരുന്നു. ഇരുപത് കോടി രൂപ വില പറഞ്ഞ വിഗ്രഹം, പത്തുകോടി രൂപയ്ക്ക് വാങ്ങാനെന്ന വ്യാജേന ഇടനിലക്കാര്‍ മുഖാന്തരമാണ് പ്രതികളെ ഷാഡോ പൊലീസ് സമീപിച്ചത്. വിഗ്രഹവും, വ്യാജമായി തയ്യാറാക്കിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും കോടതിയില്‍ നിന്നുള്ള വ്യാജ വിടുതല്‍ രേഖയും തനി തങ്കമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി റീജ്യണല്‍ ഫോറന്‍സിക് ലബോറട്ടറിയുടെ വ്യാജ സീല്‍ പതിപ്പിച്ച രേഖകളും മൂന്ന് ആഡംബര കാറുകളും പിടിച്ചെടുത്തു. അറസ്റ്റിലായ ഗീതാറാണിക്കെതിരെ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം ഈടാക്കിയത് ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി തട്ടിപ്പുകേസുകളുണ്ട്. ഷാജിക്കെതിരെ ടൗണ്‍ വെസ്റ്റ് സ്റ്റേഷനില്‍ പതിനെട്ട് ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തതിന് കേസുണ്ട്. പാവറട്ടി എസ്.എച്ച്.ഒ: എം.കെ. രമേഷ്, സബ് ഇന്‍സ്പെക്ടര്‍ രതീഷ്, ജോഷി, ഷാഡോ സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി. രാഗേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, ടി.വി. ജീവന്‍, എം.എസ്. ലിഗേഷ്, വിപിന്‍ദാസ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *