കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കുറഞ്ഞ
പോളിങ് ശതമാനം; ആശങ്കയില്‍ മുന്നണികള്‍

Kerala

കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ജില്ലയില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ആശങ്ക. ആരുടെ വോട്ടാണ് ബൂത്തില്‍ എത്താത്തതെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ആദ്യകണക്കുകളില്‍ സംസ്ഥാനതലത്തില്‍ ജില്ല മുന്നിലാണെന്നുമാത്രം. 2016ല്‍ 11 മണ്ഡലങ്ങളിലും 80 ശതമാനത്തിലേറെ പോളിങ്ങുണ്ടായിരുന്നു.
കഴിഞ്ഞ തവണ 81.75 ആയിരുന്നു ശതമാനം. ഇത്തവണ 78.42ഉം.എല്‍. ഡി.എഫിന് ശക്തമായ അടിത്തറയുള്ള ബേപ്പൂരില്‍ നാല് ശതമാനത്തിലേറെയാണ് ഇത്തവണ പോളിങ്ങില്‍ കുറവുണ്ടായത്. കഴിഞ്ഞ തവണ 85 ശതമാനം പിന്നിട്ട കുന്ദമംഗലത്തും കഴിഞ്ഞ തവണത്തെക്കാള്‍ നാലു ശതമാനം വോട്ടര്‍മാര്‍ ബൂത്തിലെത്തിയില്ല. എലത്തൂരില്‍ അഞ്ച് ശതമാനം കുറഞ്ഞത് യു.ഡി.എഫ് വോട്ടുകളാണെന്നാണ് സൂചന. സുല്‍ഫിക്കര്‍ മയൂരിക്കെതിരായ വികാരം മണ്ഡലത്തില്‍ വോട്ടെടുപ്പ് ദിനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കടക്കമുണ്ടായിരുന്നു.നഗരപ്രദേശങ്ങളായ കോഴിക്കോട് നോര്‍ത്തിലും സൗത്തിലും നാല് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.
നഗരമധ്യത്തിലെ ചില ബൂത്തുകളില്‍ 65 ശതമാനമാണ് ശരാശരി പോളിങ് ശതമാനം. പോളിങ് ശതമാനം കൂടിയാല്‍ യു.ഡി.എഫിന് അനുകൂലവും കുറഞ്ഞാല്‍ എതിരുമെന്ന സങ്കല്‍പം 2016ല്‍ തെറ്റിയിരുന്നു. പോളിങ് ശതമാനം കൂടിയപ്പോള്‍ എല്‍.ഡി.എഫിനായിരുന്നു ജില്ലയില്‍ മുന്‍തൂക്കം. ബാലുശ്ശേരി, കൊടുവള്ളി തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനം അവസാനം മന്ദഗതിയിലായിരുന്നു.
കുറ്റ്യാടിയിലും വടകരയിലും വാശിയേറിയ പോരാട്ടത്തില്‍ ഇരുമുന്നണികളും വിജയം പ്രതീക്ഷിക്കുന്നു. വടകര താലൂക്കില്‍ കള്ളവോട്ട് കുറഞ്ഞത് ഗുണമാകുമെന്ന് യു.ഡി.എഫ് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *