മുംബൈ: കളി വലിച്ചു നീട്ടുന്ന നായകരുടെ ചെവിക്കു പിടിക്കുകയാണ് ബി.സി.സി. ഐ. ഐ.പി.എല്‍ മത്സരങ്ങളിലെ കുറഞ്ഞ ഓവര്‍ നിരക്കിനുള്ള പിഴകേട്ടാല് ഞെട്ടും. 14ാം സീസണിന് കൊടിഉയര്ന്നപ്പോള് ആദ്യം പിടിവീണത് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ്. ധോണിക്ക്. ശനിയാഴ്ച ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍െറ പേരില്‍ ധോണിക്ക് 12 ലക്ഷം രൂപ പിഴ.കഴിഞ്ഞ സീസണില്‍ ഏറെ നിരാശപ്പെടുത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് ഇക്കുറിയും നിരാശയോടെയാണ് തുടങ്ങിയത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് തോല്‍വി വഴങ്ങി. ആദ്യ സംഭവം എന്നനിലയില്‍ പെരുമാറ്റച്ചട്ട ലംഘനത്തിനുള്ള ശിക്ഷ പിഴയില്‍ മാത്രം ഒതുങ്ങും. തെറ്റ് ആവര്‍ത്തിച്ചാല്‍ ടീം ക്യാപ്റ്റന്‍ ധോണിക്ക് രണ്ടു മത്സരങ്ങളില്‍ വിലക്ക് നേരിടേണ്ടി വരും.ആദ്യം ബാറ്റുചെയ്ത ചെന്നൈ സുരേഷ് റെയ്നയുടെ (54) മികവില്‍ ഏഴിന് 188 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ഓപണര്‍മാരായ പൃഥ്വി ഷാ (72), ശിഖര്‍ ധവാന് (85) എന്നിവരുടെ മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍തന്നെ കളി ജയിച്ചു.കുറഞ്ഞ ഓവര്‍ നിരക്കിന് ആദ്യം ശിക്ഷ 12 ലക്ഷം രൂപ പിഴ. രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന്‍ 24 ലക്ഷം പിഴ. ടീം അംഗങ്ങള്‍ക്ക് ആറു ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി ചുമത്തും. മൂന്നാം തവണയും തെറ്റ് ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന്‍ 30 ലക്ഷം പിഴയും ഒരു മത്സരത്തില്‍ വിലക്കും. ടീം അംഗങ്ങള്‍ക്ക് 12 ലക്ഷമോ മാച്ച് ഫീയുടെ 50 ശതമാനമോ ആണ് പിഴ.ഐ.പി.എല്‍ ചട്ടപ്രകാരം ഒരു ടീമിന്‍െറ ഇന്നിങ്സിന് അനുവദിച്ചത് 90 മിനിറ്റാണ്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് സ്ട്രാറ്റജിക് ടൈം ഔട്ട് ഉള്‍പ്പെടെയാണിത്. ഒരുമണിക്കൂറില്‍ 14.1 ഓവര്‍ റേറ്റ്. നിലവില്‍ കളിയുടെ 20ാം ഓവര്‍ 90 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം. നേരത്തേ 90ാം മിനിറ്റിലെങ്കിലും അവസാന ഓവര്‍ തുടങ്ങിയാല്‍ മതിയായിരുന്നു. മത്സരം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി പെരുമാറ്റച്ചട്ടം കര്‍ശനമാക്കിയിരിക്കുകയാണ് സംഘാടകര്‍.