കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Kerala

പോലീസ് കയ്യേറ്റം ചെയ്തതായി ഷാഫി പറമ്പില്‍
എട്ടു പ്രവര്‍ത്തകര്‍ക്കും നാലു പോലീസുകാര്‍ക്കും പരുക്ക്

കൊച്ചി: ഇന്ധനനികുതി പിന്‍വലിക്കുക,മുഖ്യമന്ത്രിയ്ക്ക് എതിരായ പ്രതിഷേധം അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കളമശ്ശേരിയില്‍ നടത്തിയ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്. സംഘര്‍ഷത്തില്‍ എട്ട് പ്രവര്‍ത്തകര്‍ക്കും നാല് പൊലീസുകാര്‍ക്കും പരുക്കേറ്റു. അറസ്റ്റിലായവരെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എമാരടക്കമുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
സമരക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ് നടത്തി. കടകളിലേക്കും മറ്റും ഓടിക്കയറിയവരെയും പിന്നാലെയെത്തി അടിച്ചോടിച്ചു. പ്രവര്‍ത്തകരില്‍ ഒരാളുടെ തലയക്ക് അടിയേറ്റു, മറ്റൊരാളുടെ കയ്യൊടിഞ്ഞു. പരുക്കേറ്റവരെയടക്കം പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. അറസ്റ്റിലായ പ്രവര്‍ത്തകരെ കാണാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ഷാഫി പറമ്പില്‍ എംഎല്‍എയെ പോലീസ് തടഞ്ഞതോടെ സ്റ്റേഷന് മുന്നിലായി പ്രതിഷേധം. പ്രശ്നത്തില്‍ ഇടപെടാന്‍ എത്തിയ തന്നെ പൊലീസ് നെഞ്ചില്‍ പിടിച്ചു തള്ളിയതായും ലാത്തികൊണ്ട് കുത്തിയതായും ഷാഫി പറമ്പില്‍ പറഞ്ഞു ഇതിന്‍റെ ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു.
ഉപരോധസമരം തുടങ്ങിയതോടെ ഹൈബി ഈഡന്‍ എംപിയും ഉമാ തോമസ് എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായി സ്റ്റേഷനില്‍ എത്തി. ഇതോടെ പൊലീസ് അയഞ്ഞു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് എസിപിയും പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി നിയമസഭാ സ്പീക്കറും ഉറപ്പ് നല്‍കിയതോടെ ഉപരോധം അവസാനിപ്പിച്ചു. പിടികൂടിയ പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചു. പരുക്കേറ്റവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *